കൊല്ലപ്പെട്ടന്ന് കരുതിയ കാണാതായ നൗഷാദിനെ കണ്ടെത്തി; ഭാര്യയുടെ മൊഴി കളവെന്ന് പൊലീസ്

തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്

Update: 2023-07-28 09:19 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നാണ് കോന്നി ഡി.എസ്.പി പറഞ്ഞു. അൽപ സമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ നൗഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യ അഫ്‌സ പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യയുടെ മൊഴി കളവായിരുന്നെന്നും പൊലീസ് പറഞ്ഞു. അഫ്സ പല തവണ മൊഴി മാറ്റിയിരുന്നു.

ഒന്നര വർഷമായി തൊടുപുഴയിൽ  താമസിക്കുകയായിരുന്നെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു. ഭാര്യയോട് പിണങ്ങിയ ശേഷം സ്വസ്ഥമായി താമസിക്കാനാണ് നാടുവിട്ടതെന്നും അത് വീട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലെന്നും നൗഷാദ് പൊലീസിനോട് പറഞ്ഞു. തൊടുപുഴ തൊമ്മൻ കുത്തിൽ പേര് മാറ്റി  തോട്ടം തൊഴിലാളിയായി ജീവിക്കുകയായിരുന്നു നൗഷാദ്. നൗഷാദ് കൊല്ലപ്പെട്ടെന്ന വാർത്തകൾ കണ്ട തൊമ്മൻകുത്ത് സ്വദേശിയായ പൊലീസുകാരനാണ് നൗഷാദിനെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിച്ചത്. ഭാര്യയെ പേടിച്ചാണ് നാടുവിട്ടത്. ഇനി വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും നൗഷാദ് പറഞ്ഞു.

നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ചു നിലയിൽ കണ്ടെത്തിയിരുന്നു. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. മൃതദേഹം സുഹൃത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് അഫ്സാന പറയുന്നത്. ഇയാളെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അഫ്സാനയെ നുണ പരിശോധനയടക്കം നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്.

നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അഫ്‌സാനായെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.  ഭാര്യ അഫ്സാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടൂരിൽ ഇവർ വാടകയ്ക്കു കഴിഞ്ഞിരുന്ന വീടിനു സമീപമുള്ള നാല് ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വീടിന് സമീപമുള്ള സെമിത്തേരിയിലും പരിശോധന നടത്തിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News