നവകേരളസദസ്സ് ശനിയാഴ്ച തുടക്കമാകും; സർക്കാരിന്‍റെ പ്രവർത്തനങ്ങള്‍ വിലയിരുത്തുക ലക്ഷ്യം

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള യാത്രക്ക് രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ട്

Update: 2023-11-16 01:28 GMT
Editor : Jaisy Thomas | By : Web Desk

നവകേരള സദസ്സ്

Advertising

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ 140 മണ്ഡലങ്ങളിലൂടെയുള്ള നവകേരളസദസ്സ് മറ്റെന്നാള്‍ ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്‍റെ പ്രവർത്തനങ്ങള്‍ വിലയിരുത്തുകയാണ് മന്ത്രിസഭയുടെ ലക്ഷ്യം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള യാത്രക്ക് രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ട്.

സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മന്ത്രിസഭ ഒന്നടങ്കം കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും യാത്ര ചെയ്യുന്നത്. നവംബർ 18ന് കാസർകോട് തുടങ്ങി ഡിസംബർ 24 ന് തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് നവകേരള സദസ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി. തുടർഭരണത്തിന് പിന്നാലെ വന്നതിന് ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും തോല്‍വി നേരിട്ടതോടെ ചില തിരിച്ചറിവുകളുണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ നീക്കവുമായി എത്തുന്നത്. സർക്കാരിന്‍റെ രണ്ടര വർഷത്തിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം അടുത്ത രണ്ടരവർഷത്തെ കർമ്മപരിപാടികള്‍ തയ്യാറാക്കുക കൂടിയാണ് സർക്കാരിന്‍റെ ലക്ഷ്യം.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ തിരിച്ചടികളുണ്ടാകുന്ന സാഹചര്യങ്ങളില്‍ സി.പി.എം സാധാരണ ചെയ്യുന്ന കാര്യത്തിനാണ് മന്ത്രിസഭ നേരിട്ടിറങ്ങുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായപ്പോള്‍ വീട് വീടാന്തരം കയറിയാണ് സി.പി.എം തിരുത്തിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് സർക്കാരിന്‍റെ കൂടി വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്ന് ബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടിയെ മാറ്റി സർക്കാർ തന്നെ നേരിട്ട് ഇറങ്ങുന്നത്. പരിപാടി വന്‍ വിജയമാക്കാന്‍ പാർട്ടിയും രംഗത്തുണ്ട്. പ്രതിപക്ഷം ബഹിഷ്കരിക്കുന്നത് കൊണ്ട് അവരുടെ മണ്ഡലങ്ങളില്‍ ആളെ കൂട്ടാനുള്ള ചുമതല പാർട്ടിക്കാണ്. അതിനൊപ്പം സർക്കാരിന്‍റെ സകല സംവിധാനങ്ങളും നവകേരള സദസ്സിന് ഇറങ്ങും.ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പരിപാടി കഴിയുന്നതോടെ സർക്കാരിന് പ്രതിച്ഛായ നഷ്ടം ഉണ്ടായെങ്കില്‍ അത് തിരിച്ച് കിട്ടുമെന്നാണ് ഇടത് മുന്നണിയും കരുതുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News