പൊലീസില്‍ ജോലി ചോദിച്ചവരുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിലും ലൈഫ് മിഷനിലും; നവകേരള സദസ്സില്‍ 'പരാതി' തീരുന്നില്ല
നവകേരള സദസ്സിൽ നൽകിയ പരാതികളാണ് ബന്ധമില്ലാത്ത വകുപ്പുകളിലെത്തിയത്
തിരുവനന്തപുരം: പൊലീസില്‍ ജോലിചോദിച്ചാണ് നവകേരള സദസ്സിൽ പരാതികളുമായി എത്തിയത്. എന്നാൽ, പരാതി പോയതാവട്ടെ, ഭക്ഷ്യ സുരക്ഷാ വകുപ്പിനും ലൈഫ് മിഷനും സൈനിക് വെൽഫെയര്‍ വകുപ്പിനും. സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളിൽ പോയി വീണത്. പരാതികൾ നൽകാൻ പോയതിനെക്കാൾ വലിയ ആശങ്കയിലാണ് ഇപ്പോൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ.
പൊലീസ് സേനയിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിയുടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നവകേരള സദസ്സ് നടന്ന എല്ലാ മണ്ഡലങ്ങളിലുമെത്തിയാണ് പരാതികൾ നൽകിയത്. ഫ്രം അഡ്രസിൽ മുഖ്യമന്ത്രി എന്നെഴുതി 25,000 പരാതികളാണ് ഇവർ നൽകിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുൻപ് നിയമനം നടത്തണമെന്നായിരുന്നു ആവശ്യം. 2019ൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 13,000ത്തിലധികം ഉദ്യോഗാർത്ഥികളായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ നിയമനം നടത്തിയത് 3,000ത്തിൽ താഴെ മാത്രമാണ്. ലിസ്റ്റിന്റെ കാലാവധി നാലുമാസത്തിനകം അവസാനിക്കുകയും ചെയ്യും.
സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ നവകേരള സദസ്സിൽച്ചെന്ന് പരാതികൾ നൽകി, അവയ്ക്ക് ലഭിച്ച രസീതുകളുമായി പ്രതീക്ഷയോടെ കാത്തിരുന്നവരാണ് ഇവർ. ആ പ്രതീക്ഷകളെ മുഴുവൻ താളം തെറ്റിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിൽ ചെല്ലേണ്ട പരാതികൾ മോരും മുതിരയും പോലെ പരസ്പര ബന്ധമില്ലാത്ത വകുപ്പുകളിൽ കിടക്കുന്നത്.
Summary: Complaints of candidates who asked for police jobs during the NavaKerala Sadass were wrongly sent to the Food Security Department and Life Mission