'വേണ്ടത് സമത്വമല്ല, ലിംഗനീതി'; നിയമസഭാ പുസ്തകമേള സെമിനാർ
'മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ' എന്ന പാനൽ ചർച്ചയിലാണ് എഴുത്തുകാർ ട്രാന്‍സ് സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചത്
തിരുവനന്തപുരം: സമഭാവനയോടെ ട്രാൻസ് സമൂഹത്തെ ഉൾക്കൊള്ളേണ്ടതുണ്ടെന്നും ലിംഗ സമത്വമല്ല, ലിംഗനീതിയാണ് വേണ്ടതെന്നും ട്രാൻസ് ആക്ടിവിസ്റ്റുകൾ. നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന 'മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ' എന്ന പാനൽ ചർച്ചയിലാണ് എഴുത്തുകാർ കൂടിയായ വിജയരാജമല്ലിക, സൂര്യ ഇഷാൻ, അമേയ പ്രസാദ് എന്നിവർ ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചത്.
നാട്ടിൽനിന്നു മാത്രമല്ല, രക്തബന്ധങ്ങളിൽ നിന്നുപോലും പലപ്പോഴും അവഗണന നേരിടുന്ന ട്രാൻസ് സമൂഹത്തെക്കുറിച്ച് കാര്യമായ അവബോധം സർക്കാർ തലത്തിൽ നടക്കുണ്ടെന്ന് വിജയരാജമല്ലിക പറഞ്ഞു. ജനനം മുതൽ പോരാടുന്ന ഈ വിഭാഗക്കാരെ മറ്റുള്ളവർ യഥാർത്ഥമായി മനസ്സിലാക്കേണ്ടതുണ്ട്. ഭാഷയേക്കാൾ മലയാളിയുടെ മനോഭാവത്തിൽ മാറ്റം വേണം. ട്രാൻസ്്ജെൻഡർ വിഷയം അവതരിപ്പിക്കുമ്പോൾ ഭാഷയിൽ മാന്യമായ വാക്കുകളില്ല. ഭാഷ പരിമിതമാണെങ്കിൽ പുതിയ പദങ്ങൾ കണ്ടെത്തണം. പുതിയ എഴുത്തുകാർ വരുന്നതിനാൽ ഭാഷയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും വിജയരാജമല്ലിക കൂട്ടിച്ചേർത്തു.
ട്രാൻസ് സമൂഹത്തിനായി പുതിയ നിയമങ്ങൾ ആവശ്യമില്ലെന്നും നിലവിലെ നിയമങ്ങളിൽ ഉൾക്കൊള്ളിക്കലാണ് ആവശ്യമെന്നും സൂര്യ ഇഷാൻ ചൂണ്ടിക്കാട്ടി. 'പൊതുയിടങ്ങളിൽ നിരവധി ബുദ്ധിമുട്ടുകളാണ് ഇപ്പോഴും അനുഭവിക്കുന്നത്. സംരക്ഷിക്കേണ്ടവരും ഒപ്പം നിർത്തേണ്ടവരും ട്രാൻസ് സമൂഹത്തെ അകറ്റുകയാണ്. എന്നാൽ ഉയർന്ന ശതമാനം ആളുകൾ വ്യക്തമായ ബോധ്യത്തോടെ അടുപ്പിക്കുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വേണം. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ട്രാൻസ് സമൂഹം എല്ലായിടത്തും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാണ്'- സൂര്യ ഇഷാൻ അഭിപ്രായപ്പെട്ടു.
സ്‌കൂൾതലം മുതൽ അവബോധം നൽകിയാലേ ഭിന്നമായി കാണാതെ തുല്യ അവകാശികൾ എന്ന ബോധ്യം വേരുറപ്പിക്കാനാകൂ എന്ന് അമേയ പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രധാന പ്രശ്നം ഭാഷാക്ഷാമമാണെന്ന് ചർച്ചയിൽ മോഡറേറ്ററായിരുന്ന നിരൂപകനും എഴുത്തുകാരനുമായ സുനിൽ സി ഇ ചൂണ്ടിക്കാട്ടി.
Summary: Trans activists say that the community needs to be embraced with empathy and that gender justice, not gender equality is needed.