'ഞങ്ങളുടെ കാഴ്ചപ്പാടിൽ നല്ലവരായിരുന്നു; മോശമായി ഒന്നും പറയാനില്ല, വാർത്ത കണ്ടപ്പോൾ ഞെട്ടിപ്പോയി'- നരബലി നടത്തിയവരുടെ അയൽവാസികൾ

'പലരും ആ വീട്ടിൽ വന്നുപോകുന്നുണ്ട്. അവിടെ ദുർമന്ത്രവാദം നടന്നതായി ഒരു സൂചനയും ഇല്ലായിരുന്നു'

Update: 2022-10-11 08:16 GMT
Editor : Lissy P | By : Web Desk
Advertising

പത്തനം തിട്ട: നരബലിയെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിച്ചെന്ന് പ്രതികളായ ഭഗവൽ സിങ്,ലൈല എന്നിവരുടെ അയൽവാസികള്. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല, ഞങ്ങളുടെ കാഴ്ചപ്പാടിൽ നല്ലവരായിരുന്നു. ഇരുവരുടെയും അയൽവാസിയായ ജോസ് മീഡിയവണിനോട് പറഞ്ഞു.

അവർ രണ്ടുപേരും നല്ല സഹകരണത്തിലായിരുന്നു. അവരെ പറ്റി മോശമായി ഒന്നും പറയാനില്ല.ഇന്നലെ രാവിലെ കടവന്ത്ര പൊലീസ് ഇവിടെയെത്തി. ഉച്ചവരെ ചോദ്യം ചെയ്തു. തുടർന്നാണ് അവരെ അറസ്റ്റ് ചെയ്തത്. ഇന്ന് ടിവിയിൽ വാർത്തവരുന്നത് വരെ സംഭവത്തെ കുറിച്ച് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അദ്ദേഹം പറഞ്ഞു.

അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം കടവന്ത്ര പൊലീസ് സി.ഐ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭഗവൽ സിങിന്റെ അയൽവാസിയാണോ എന്ന് ചോദിച്ചു. എന്റെ വീട്ടിലെ സി.സി.ടി.വി കാമറകളുടെ ദൃശ്യങ്ങൾ വേണമെന്ന് പറയുകയും ചെയ്തു. പൊലീസെത്തി സി.സി.ടിവി ദൃശ്യങ്ങൾ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. പലരും ആ വീട്ടിൽ വന്നുപോകുന്നുണ്ട്. അവിടെ ദുർമന്ത്രവാദം നടന്നതായി ഒരു സൂചനയും ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 ദമ്പതികൾക്കുവേണ്ടിയാണ് പെരുമ്പാവൂരിൽനിന്നുള്ള ഏജന്റ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏജന്റിനെയും ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View


നരബലിക്കിരയായ സ്ത്രീകളിൽ ഒരാളുടെ മൃതദേഹം പത്തനംതിട്ട ഇലന്തൂരിൽ കുഴിച്ചിട്ടിരിക്കുകയാണ്. കൊച്ചി പൊന്നുരുന്നി സ്വദേശിയായ പത്മം, കാലടി സ്വദേശി റോസ്ലിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവർക്കു വേണ്ടിയാണ് പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന പേരില്‍ അറിയപ്പെടുന്ന റഷീദ് ആണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഭഗവല്‍ ആഭിചാരക്രിയ നടത്തുന്നയാളാണ്. തലയറുത്താണ് കൊല നടത്തിയത്. ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.

ലോട്ടറി വിൽപനയ്ക്കാരാണ് പത്മം. കഴിഞ്ഞ മാസം 26നായിരുന്നു ഇവരെ കാണാതായത്. തുടർന്ന് മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീയുടെ ഫോൺ നമ്പർ ലൊക്കേഷൻ പിന്തുടർന്നായിരുന്നു പൊലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്.

ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പത്മത്തെ ഏജന്റ് തിരുവല്ലയിൽ എത്തിച്ചത്. റോസ്ലിനെ മറ്റൊരു കാരണം പറഞ്ഞാണ് ഇവിടെയെത്തിച്ചത്. തുടർന്ന് ഇവിടെ വച്ച് പൂജ നടത്തിയാണ് കൊല നടന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News