കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ KSU നേതാക്കൾ കക്ഷി ചേർന്നു; നെയ്യാർ ക്യാമ്പിലെ സംഘർഷത്തിൽ KPCC അന്വേഷണ സമിതി റിപ്പോർട്ട്
കെ എസ്.യു ക്യാമ്പിൽ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതിൽ പരോക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരം: നെയ്യാറിൽ നടന്ന കെ.എസ്.യു സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ലിന്റെ പൂർണ ഉത്തരവാദിത്വം കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കാണെന്ന് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി. കെ എസ്.യു ക്യാമ്പിൽ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതിൽ പരോക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ KSU നേതാക്കൾ കക്ഷി ചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകാല KSU നേതാക്കളെ പങ്കെടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കെ.സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ KSU നേതാക്കൾ കക്ഷി ചേരുന്നു. ജില്ല, സംസ്ഥാനതലത്തിലെ ജംബോ കമ്മിറ്റി സംഘടനയുടെ അടിത്തറ തകർത്തു. സംഘടനയിൽ മാനദണ്ഡങ്ങളില്ലാതെ കടന്നുകൂടിയവരുണ്ടെന്നും റിപ്പോർട്ട്. സർക്കാരിനെതിരായ പ്രതിഷേധം ഏറ്റെടുക്കാൻ കെ.എസ്.യുവിന് കഴിഞ്ഞില്ല. തിരുത്തൽ നടപടികൾക്ക് AICC- യെ സമീപിക്കണമെന്നും ശിപാർശ.
അച്ചടക്കലംഘനം നടത്തിയ എല്ലാവർക്കുമെതിരെ കർശനനടപടി വേണം. ജില്ല, സംസ്ഥാനതലത്തിലെ ജംബോ കമ്മിറ്റി സംഘടനയുടെ അടിത്തറ തകർത്തു. കമ്മിറ്റി തെരഞ്ഞെടുപ്പിൽ സൂക്ഷ്മത വേണം. കോൺഗ്രസ് ഭിന്നതയിൽ കെ.എസ്.യു പ്രവർത്തകൾ കക്ഷി ചേരേണ്ടതില്ല. സംഘടന സംവിധാനത്തിൽ സമൂല മാറ്റം വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. കെ.എസ്.യു.വിന്റെ സംഘടനാചുമതല കെ.പി.സി.സി. ഭാരവാഹികളില്‍ ഒരാള്‍ക്ക് നല്‍കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. അച്ചടക്കലംഘനം നടത്തിയവരെയും സ്ഥാനങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നവരെയും പദവികളില്‍ നിന്ന് ഒഴിവാക്കണം.
അന്വേഷണ സമിതിയുമായി കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ സഹകരിച്ചില്ലെന്നും സമിതി ക്ഷണിച്ചിട്ടും മൊഴി നൽകാൻ എത്താതിരുന്നത് ധാർഷ്ട്യമാണെന്നും റിപ്പോർട്ടിലുണ്ട്. നെടുമങ്ങാട് ഗവ. കോളജിലെ കെ.എസ്.യു സംഘടന ചുമതലയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.