എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം ഏറ്റെടുത്ത് എൻ.ഐ.എ
യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
കൊച്ചി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. എൻ.ഐ.എ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആറിന്‍റെ പതിപ്പ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻ.ഐ.എ കൊച്ചി യൂണിറ്റിന് അന്വേഷണ ചുമതല നൽകിക്കൊണ്ട് വിജ്ഞാപനം ഇറക്കിയത്. ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തിയതോടെയാണ് എൻ.ഐ.എ അന്വേഷണത്തിന് വഴിയൊരുങ്ങുന്നത്.
ട്രെയിന്‍ തീവെപ്പ് നടന്നതിന് തൊട്ടുപിന്നാലെ കേരളത്തിലെത്തിയ എൻ.ഐ.എ സംഘം വിവരം ശേഖരിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നിലെ തീവ്രവാദബന്ധം തള്ളാനാവില്ലെന്നായിരുന്നു എന്‍.ഐ.എ നിലപാട്. ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാര്‍ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം തീവ്രവാദകുറ്റം വരുന്ന യുഎപിഎ 16ാം വകുപ്പ് അന്വേഷണ സംഘം ചുമത്തുകയുംചെയ്തു.
ഇതോടെയാണ് കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കാനുളള നടപടികള്‍ക്ക് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഉടന്‍ ഇറക്കുമെന്നാണ് സൂചന. സംസ്ഥാനാന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍.ഐ.എയുടെ അന്വേഷണപരിധിയില്‍ വരും. ഡല്‍ഹി,മഹാരാഷ്ട്ര അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമമുണ്ടെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.