രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം
രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം
തിരുവനന്തപുരം: ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം. ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം.
ദേവാലയങ്ങൾ ഉൾപ്പെടെ പൊതുയിടങ്ങളിലും മറ്റും നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. ഒമിക്രോൺ ഇൻഡോർ സ്ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം. കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്‌സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണം.
കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ ആവശ്യമായി വരുന്ന മരുന്നുകൾ, ബെഡ്ഡുകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കണം. ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക സീക്വൻസിങ്ങ് നടപ്പിലാക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
summary: The night curfew imposed in the state from December 30 to January 2 also applies to places of worship. Overnight restrictions have been imposed in the state in anticipation of the spread of omicron. Control is from ten at night to five in the morning.