നിഹാലിന്റെ തല മുതൽ കാൽ വരെ മുറിവുകൾ; വയറിലും ഇടതുകാൽ തുടയിലുമേറ്റ മുറിവുകൾ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
നിഹാൽ മരിച്ചത് ചോര വാർന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു
കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. വയറിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രീയത്തിലും അടിവയറ്റിലും ഗുരുതരമായി പരിക്കുകളേറ്റു. മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത് കൂട്ടമായുള്ള തെരുവുനായ ആക്രമണം നടന്നുവെന്നാണെന്നും ചോരവാർന്നാണ് നിഹാൽ മരിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലശേരി ജനറൽ ആശുപത്രിയിലായിരുന്നു നിഹാലിന്റെ പോസ്റ്റ്‌മോർട്ടം. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദർശനത്തിന് ശേഷം എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാൻ അനുമതി തേടി ജില്ലാ പഞ്ചായത്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും തെരുവ് നായ്ക്കളെക്കാൾ വലുത് മനുഷ്യജീവനാണന്നും പ്രസിഡന്‍റ് പി.പി ദിവ്യ പറഞ്ഞു
അതിനിടെ കാസർകോട് രണ്ട് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർള സ്വദേശി രണ്ടര വയസ്സുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. വീടിൻറെ സിറ്റൗട്ടിൽ വച്ചാണ് മറിയം താലിയയെ നായ ആക്രമിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഐസ ഫാത്തിമക്ക് നായയുടെ കടിയേറ്റത്. രണ്ടുപേർക്കും കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.