ധീരജ് വധക്കേസ്; പ്രതി നിഖിൽ പൈലിക്ക് ജാമ്യം
തൊടുപുഴ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
ഇടുക്കി: ഇടുക്കി: ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിക്ക് ജാമ്യം.തൊടുപുഴ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്ത് പ്രവേശിക്കാനോ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റുമാണ് നിഖില്‍.
കേസിലെ മറ്റു പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ജനുവരി പത്തിനായിരുന്നു ഇടുക്കി ഗവ: എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയത്. കേസില്‍ ഈയിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.