"എത്രയും പെട്ടെന്ന് മോളെ കാണണം..": കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിമിഷപ്രിയയുടെ അമ്മ

ഡൽഹി ഹൈക്കോടതിയാണ് നിമിഷപ്രിയയുടെ അടുത്തേക്ക് പോകാൻ പ്രേമകുമാരിയ്ക്ക് അനുമതി നൽകിയത്

Update: 2023-12-13 05:13 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രേമകുമാരി മീഡിയവണിനോട്. യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം ഇനിയും അനുമതികൾ ലഭിക്കാനുണ്ട്. എത്രയും വേഗം മകളെ കാണാനാണ് ശ്രമിക്കുന്നതെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു.

ഡൽഹി ഹൈക്കോടതിയാണ് നിമിഷപ്രിയയുടെ അടുത്തേക്ക് പോകാൻ അമ്മയ്ക്ക് അനുമതി നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. 

നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു അനുമതി നിഷേധിച്ചത്. യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്.

കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട 4 പേരുടെയും പാസ്‌പോർട്ടുകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് പരിശോധിച്ചതിന് ശേഷമാണ് തത്കാലം യാത്രക്ക് അനുമതിയില്ലെന്ന് അറിയിച്ചത്.

ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജിയിലാണ് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. നിമിഷപ്രിയയുടെ അപ്പീൽ ഉൾപ്പടെ യെമൻ കോടതി തള്ളിയ സാഹചര്യത്തിൽ യെമനിലെത്തി കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അമ്മ യെമനിലേക്ക് പോകാൻ തീരുമാനിച്ചത്. യമനിൽ താമസ സൗകര്യമൊരുക്കാൻ തയ്യാറായവരുടെ പട്ടികയടക്കം നിമിഷപ്രിയയുടെ അമ്മ കോടതിക്ക് കൈമാറിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News