'കറുത്ത മാസ്‌കിന് വിലക്കില്ല'; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വർധിപ്പിച്ചത്

Update: 2022-06-11 13:07 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: പരിപാടികളിൽ കറുത്ത മാസ്‌ക് ധരിക്കുന്നതിൽ വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് എടുത്ത തീരുമാനമായിരിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ കറുത്ത മാസ്‌ക് ധരിക്കരുതെന്ന് മാധ്യമ പ്രവർത്തകർക്കടക്കം പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസിന് അത്തരം നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തരോട് അത് നീക്കാൻ നിർദേശം നൽകിയതും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്. അതേസമയം കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ടു ട്രാൻസ്‌ജെൻഡേഴ്‌സ് യുവതികളെ പൊലീസ് തടഞ്ഞത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം വഴി നടക്കാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ട്രാൻസ്‌ജെൻഡേഴ്‌സ് യുവതികൾ പരാതിപ്പെട്ടത്. തങ്ങൾ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രമാണോ പ്രശ്നമെന്ന് ഇവർ പൊലീസിനോട് ചോദിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വർധിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ യാത്ര. എന്നാൽ സുരക്ഷ വർധിപ്പിച്ചത് പൊതുജനത്തെ ആകെ വലച്ചിരിക്കുകയാണ്. കോട്ടയം ജനറൽ ആശുപത്രിക്ക് മുമ്പിലെ റോഡിലെ ഗതാഗതം നിയന്ത്രിച്ചതിനെതിരെ പ്രതിഷേധമുയർന്നു. സുരക്ഷാവലയം ലംഘിച്ച് യുവമോർച്ചയും കോൺഗ്രസും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു.

മുന്നറിയിപ്പില്ലാതെയായിരുന്നു കോട്ടയത്ത് പോലീസിന്റെ നിയന്ത്രങ്ങണങ്ങൾ. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും കെജിഒഎയുടെ സമ്മേളനം നടക്കുന്ന മാമൻ മാപ്പിള ഹാൾ വരെയുള്ള എല്ലാ റോഡുകളിലും രാവിലെ തന്നെ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ല ആശുപത്രിക്ക് മുമ്പിൽ കെ.കെ റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ രോഗികൾ അടക്കമുള്ളവർ വലഞ്ഞു. ഇതിനിടെ പരിപാടിയിലേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ല പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പരിപാടിയിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങവേ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസും കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. ജനങ്ങളെ വലച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News