വിട്ടുവീഴ്ചയ്ക്കില്ല, ഗവർണറോട് പോരാടാനുറച്ച് ഇടതുമുന്നണി; രാജ്ഭവൻ ധർണ നടത്തും

ബി.ജെ.പിയുടെ അജണ്ട ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ശക്തമാക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം

Update: 2022-10-23 08:34 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുമുന്നണി. നവംബർ 15 ന് രാജ്ഭവൻ ധർണ നടത്താൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും കൺവെൻഷനുകൾ സംഘടിപ്പിക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

നവംബർ 15ന് നടത്താൻ ഉദ്ദേശിക്കുന്ന രാജ്ഭവൻ ധർണയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. ബി.ജെ.പിയുടെ അജണ്ട ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ശക്തമാക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഗവർണറുടെ വഴിവിട്ട നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണ്. താൻ ആർ.എസ്.എസ് അനുഭാവിയാണെന്ന് ഗവർണർ സ്വയം പ്രഖ്യാപിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം, സിപിഐ സെക്രട്ടറിമാർ ഒരുമിച്ച് എൽ.ഡി.എഫ് തീരുമാനങ്ങൾ വിശദീകരിക്കും.

ഗവർണർ അക്കാദമിക് പണ്ഡിതരെ ആക്ഷേപിക്കുകയാണെന്നും എൽ.ഡി.എഫ് യോഗം വിലയിരുത്തി. രാജ്ഭവൻ ധർണ ചരിത്രസംഭവമാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന വായിച്ചവർ ഗവർണറുടെ ഭീഷണി കാര്യമായെടുക്കില്ലെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ ഗവർണറുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നാണ് എം.വി ഗോവിന്ദന്റെ പക്ഷം. ആരോപണം ഉന്നയിച്ച ആൾക്കെതിരെ കേസ് കൊടുക്കുന്ന കാര്യം പരിശോധിക്കാമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News