'പാർട്ടിക്ക് കോടതിയും അന്വേഷണ ഏജൻസിയുമുണ്ട് എന്നിട്ടും വൈദേകം അഴിമതിയെക്കുറിച്ച് അന്വേഷണമില്ല'- കെ. സുധാകരൻ

വൈദേകം റിസോർട്ടിനെതിരായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിജിലൻസും ഇ.ഡിയും ഉടനേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കെ സുധാകരൻ പറഞ്ഞു

Update: 2023-03-03 14:51 GMT
Editor : abs | By : Web Desk

കെ സുധാകരൻ

Advertising

തിരുവനന്തപുരം: വൈദേകം റിസോർട്ടിനെതിരേ ഉയർന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കൺവീനറുമായ ഇപി ജയരാജനെതിരേ അഴിമതി നിരോധ നിയമപ്രകാരം വിജിലൻസും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

''കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്റെ മറവിൽ വിദേശത്തുനിന്ന് കോടികൾ ഒഴുകിയെത്തിയെന്ന പരാതി ഇഡിക്കു മുന്നിലുണ്ട്. റിസോർട്ടിൽ 4 ലക്ഷം മുതൽ 3 കോടി രൂപവരെ മുടക്കിയ 20 പേരുടെ വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ചാൽ കേസെടുക്കാതിരിക്കാൻ കഴിയില്ല. ഇപി ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോർട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങൾ ഒഴുകിവന്നതും. ഔദ്യോഗിക പദവി ദുരുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയാണ് നിക്ഷേപം വാങ്ങിയതെന്ന് ആക്ഷേപമുണ്ട്. കുടുംബത്തിന്റെ വക റിസോർട്ടിനുവേണ്ടി നേരിട്ടും പരോക്ഷമായും നടത്തിയ ഇടപെടൽ അഴിമതിയുടെ പരിധിയിൽ വരുന്നതിനാൽ കേസെടുക്കേണ്ടി വരും. പവിത്രമായ എന്നർത്ഥമുള്ള വൈദേകം ഇന്ന് നിയമലംഘനങ്ങളുടെയും അഴിമതിയുടെയും ഔദ്യോഗികപദവി ദുരുപയോഗത്തിന്റെയും ലക്ഷണമൊത്ത പഞ്ചനക്ഷത്ര റിസോർട്ടാണ്. ഇതു സംബന്ധിച്ച് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി നൽകിയപ്പോൾ എഴുതിത്തന്നാൽ അന്വേഷിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. പാർട്ടിക്ക് സ്വന്തം കോടതിയും അന്വേഷണ ഏജൻസികളും ഉണ്ടെങ്കിലും വൈദേകം അഴിമതിയെക്കുറിച്ച് അന്വേഷിച്ചതേയില്ല. വൈദേകം റിസോർട്ടിനെതിരേ ഉയർന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് വിജിലൻസിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുമതി നല്കിയില്ല''- സുധാകരൻ പറഞ്ഞു.

പത്തേക്കർ കുന്നിടിച്ചുള്ള നിർമാണത്തിന് സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ചെയർപേഴ്സണായിരുന്ന ആന്തൂർ നഗരസഭ പച്ചക്കൊടി കാട്ടി. ഇതേ നഗരസഭയാണ് നിസാരകാരണം പറഞ്ഞ് പ്രവാസിയുടെ ഓഡിറ്റോറിയത്തിന് കെട്ടിട നമ്പർ നല്കാതിരുന്നതും തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്തതും.കുന്നിടിച്ചുള്ള നിർമാണ പ്രവർത്തനത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകളക്ടർക്ക് പരാതി നല്കിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് നടപടി ഉണ്ടായില്ല. റിസോർട്ടിനെതിരേ വലിയ പ്രതിഷേധം ഉണ്ടായെങ്കിലും പ്രതിഷേധമില്ലെന്നാണ് തഹസീൽദാർ കളക്ടർക്കു റിപ്പോർട്ട് നല്കിയത്. പാർട്ടി സെക്രട്ടറിയുടെ ജനകീയ പ്രതിരോധ ജാഥ തുടങ്ങുന്നതിന്റെ തലേന്ന് ഇപി ജയരാജൻ ഇടനിലക്കാരൻ നന്ദകുമാറിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു. വിഎസ് അച്യുതാനന്ദന്റെ നിയമോപദേഷ്ടാവും പിണറായിക്കെതിരേ കരുനീക്കം നടത്തുകയും ചെയ്ത ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ ഇപിക്കെന്താണ് കാര്യമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചോദ്യമുയർന്നെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഷുഹൈബ് വധത്തിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നെങ്കിലും അതും വൈദേകം ഇടപാടുപോലെ പാർട്ടി സംവിധാനത്തിൽ ഒതുക്കിത്തീർത്തു. കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യം വിളിച്ച് പറഞ്ഞാൽ സിപിഎം നേതാക്കൾക്ക് പുറത്തിറങ്ങി നടക്കാനാവില്ലെന്നു തില്ലങ്കേരി ഭീഷണി മുഴക്കിയപ്പോൾ അയാളെ വീണ്ടും ജയിലിലടച്ച് നിശബ്ദനാക്കി. തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തൽ ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ അറിഞ്ഞില്ലെന്നു പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്. ഞങ്ങളുടെ കുട്ടികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുക തന്നെ ചെയ്യുമെന്നു സുധാകരൻ പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശസഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് എന്ന കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ വെളിപ്പെടുത്തൽ അതീവ ഗൂരുതരമാണ്. ഇതുവരെ ലൈഫ്മിഷൻ ഇടപാട് ഉദ്യോഗസ്ഥരുടെ മാത്രം തലയിൽകെട്ടിവച്ച് തലയൂരാൻ ശ്രമിച്ച സിപിഎം ഇനിയെന്തു ചെയ്യും? ലൈഫ് മിഷൻ കേസിൽ ഇനിയും ചീഞ്ഞുനാറാതിരിക്കണമെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News