ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല, തോക്കുകൾ പിടിച്ചെടുത്തു: എടിഎസ് ഡിഐജി

ഏറ്റുമുട്ടൽ നടന്നയിടത്തിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നുവെന്നു എടിഎസ്

Update: 2023-11-14 14:24 GMT
Advertising

കണ്ണൂർ: അയ്യൻകുന്നിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നയിടത്തിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. അവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തതായും ഡിഐജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംഘത്തിൽ എട്ട് പേരുണ്ടെന്നാണ് അനുമാനമെന്നും എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തിതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.

മാവോയിസ്റ്റ് തിരച്ചിൽ മേഖലയിൽ ഉന്നത പൊലീസ് സംഘമെത്തിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കരിക്കോട്ടക്കിരി മേഖലയിൽ തങ്ങുന്നത്. റൂറൽ എസ്പി, ജില്ലയിലെ അഞ്ചോളം ഡിവൈഎസ്പിമാർ എന്നിവരും സംഘത്തിലുണ്ട്.

മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇന്നലെ അർദ്ധ രാത്രിയും ഇന്ന് പുലർച്ചെയുമാണ് തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ് ഉണ്ടായത്. വനത്തിനുള്ളിൽ തണ്ടർ ബോൾട്ട് പരിശോധന തുടരുകയാണ്.

അയ്യങ്കുന്ന് ഉരുപ്പുംകുറ്റി മലയിൽ ഞെട്ടിത്തോട് വന മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് മണിക്കൂറോളം മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ വെടിവെപ്പ് ഉണ്ടായിരുന്നു. പിന്നാലെ ഇന്നലെ അർധ രാത്രിയും ഇന്ന് പുലർച്ചെയും വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.

വെടിവെപ്പിൽ ഒരു മാവോയിസ്റ്റിനു ഗുരുതര പരിക്കുണ്ട്. എന്നാൽ ഇയാളെ കണ്ടെത്താൻ തണ്ടർ ബോൾട്ടിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ മാവോയിസ്റ്റ് സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലിസ് പറയുന്നു. ഇതിൽ രണ്ട് പേർ ജാർഖണ്ഡ് സ്വദേശികളാണ്. 80 ൽ അധികം വരുന്ന തണ്ടർ ബോൾട്ട് എഎൻഎഫ് സംഘം വനത്തിൽ തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വന മേഖലയിൽ നിന്ന് പുറത്തേക്ക് ഉള്ള എല്ലാ വഴികളും പൊലീസ് അടച്ചു. വിശദമായ പരിശോധനക്ക് ശേഷമാണ് ആളുകളെ ഇതുവഴി കടത്തി വിടുന്നത്.


Full View


ATS DIG Putta Vimaladitya said that no Maoists were killed in the encounter at Ayyankunu, Kannur.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News