കാസര്‍കോടിന്‍റെ മന്ത്രിയെവിടെ?

രണ്ടാം പിണറായി സർക്കാറില്‍ കാസര്‍കോട് ജില്ലയ്ക്ക് സ്വന്തം മന്ത്രിയില്ല

Update: 2021-05-19 09:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

രണ്ടാം പിണറായി സർക്കാറില്‍ കാസര്‍കോട് ജില്ലയ്ക്ക് സ്വന്തം മന്ത്രിയില്ല. ജില്ല രൂപീകരിച്ച ശേഷം തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച ഇ. കെ നായനാര്‍ മുഖ്യന്ത്രി ആയതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും കാസര്‍കോട് സിപിഎം പ്രതിനിധി മന്ത്രിയായിട്ടില്ല.

ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് കാസര്‍കോട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത മണ്ണാണ് ഇത്. പിന്നീട് 1984ല്‍ ജില്ല രൂപീകരിച്ച ശേഷം 1987 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായത് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ്. പിന്നീട് ജില്ലയില്‍ നിന്നും ജയിച്ച സിപിഎം പ്രതിനിധികളില്‍ ആരും മന്ത്രിയായിട്ടില്ല. കഴിഞ്ഞ തവണ സിപിഐ പ്രതിനിധിയായി ജയിച്ച ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായി. പാര്‍ട്ടി മാനദണ്ഡം പരിഗണിച്ച് ഇത്തവണ ഒഴിവാക്കി. ഉദുമയില്‍ നിന്നും ജയിച്ച സിപിഎം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പുവിനെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതും ഉണ്ടായില്ല.

ജില്ല രൂപീകരിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച സി.ടി അഹമ്മദലിയും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച ചെര്‍ക്കളം അബ്ദുല്ലയുമാണ് ഇചന്ദ്രശേഖരന് മുന്‍പ് ഓരോ ടേം മന്ത്രിയാവര്‍. പല മേഖലകളിലും ഏറെ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയ്ക്ക് സ്വന്തം മന്ത്രിയില്ലാത്തത് അവഗണന വര്‍ധിക്കാനിടയാക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News