ആരെയും വഴി തടയില്ല, കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കാം: മുഖ്യമന്ത്രി
'കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള തരത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്'
കണ്ണൂർ: വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരെയും വഴി തടയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 'ആളുകളുടെ വഴി തടയുകയാണെന്ന കൊടുമ്പിരി കൊണ്ട പ്രചരണം നടക്കുന്നു. ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകും.പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള തരത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. ഏതെങ്കിലും തരത്തിൽ അവകാശം ഹനിക്കുന്ന പ്രശ്‌നമില്ല. ചില ശക്തികൾ നിക്ഷിപ്ത താത്പര്യത്തോടെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. കറുപ്പ് വസ്ത്രവും മാസ്‌കും പാടില്ലെന്ന പ്രചാരണം അതിന്റെ ഭാഗമാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകളെ ആശ്രയിക്കുന്നു. ഈ പ്രചാരണവും അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.