മുസ്‌ലിംകളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കാനുള്ള തിടുക്കം വേണ്ട: മുഹമ്മദലി കിനാലൂർ
ഭാവിയിൽ അധികാരം കിട്ടിയാൽതന്നെയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കോൺഗ്രസ് തയാറാകില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യത്തിൽ ആ ഉറപ്പ് പോലും പറയാനാകില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ അവർ ആദ്യം ചെയ്യുന്ന കാര്യം ഏകീകൃത സിവിൽ കോഡ് നടപ്പാക്കലാകുമെന്നും കിനാലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെ ഒരു മുസ് ലിം പ്രശ്‌നമാക്കി അവതരിപ്പിക്കാനാണ് കേരളത്തിൽ സി.പി.എം ശ്രമിക്കുന്നതെന്ന് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂർ. ഏകീകൃത സിവിൽകോഡിനെതിരെ സി.പി.എം നടത്തുന്ന ആദ്യ സെമിനാർ കോഴിക്കോട്ട് വെച്ചത് അത്ര നിഷ്‌കളങ്കമല്ല. അതിൽ ജനസംഖ്യാപരമായ താൽപര്യമുണ്ട് എന്നത് ആർക്കും മനസ്സിലാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഏകീകൃത സിവിൽകോഡ് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയപ്പാർട്ടികൾക്കും അജണ്ടയുണ്ട്. ഡ്രാഫ്റ്റ് വരുവോളം കാത്തിരിക്കാം എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മോഡി സർക്കാർ കൊണ്ടുവരുന്ന ഒരു നിയമത്തിന്റെ, അതും സംഘപരിവാർ കാലങ്ങളായി ഉന്നയിക്കുന്ന ഒരു വിഷയത്തിലുള്ള നിയമത്തിന്റെ ഡ്രാഫ്റ്റ് വരട്ടെ എന്ന് പറയുമ്പോൾ അതിന്റെ അർഥം ആരെയും ദ്രോഹിക്കാതെയും നിയമം കൊണ്ടുവരാനുള്ള 'നിഷ്കളങ്കത' മോഡി സർക്കാരിൽനിന്ന് പ്രതീക്ഷിക്കലാണ്. അഥവാ കോൺഗ്രസിന് ആർ.എസ്.എസിനെ ഇനിയും മനസിലായിട്ടില്ല എന്ന് തന്നെ. അപ്പോഴും ഒരു ഉറപ്പ് കോൺഗ്രസിന്റെ കാര്യത്തിൽ പറയാനാകും. ഭാവിയിൽ അധികാരം കിട്ടിയാൽതന്നെയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കോൺഗ്രസ് തയാറാകില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യത്തിൽ ആ ഉറപ്പ് പോലും പറയാനാകില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ അവർ ആദ്യം ചെയ്യുന്ന കാര്യം ഏകീകൃത സിവിൽ കോഡ് നടപ്പാക്കലാകും. മോഡി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകളെ രക്ഷിക്കാനാണെന്ന് വിശ്വസിക്കുന്നിടത്താണ് ഇപ്പോഴും സി.പി.എമ്മിന്റെ നിൽപ്. അതേസമയം സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന വിവാഹമോചനത്തെ മുസ്ലിം പുരുഷൻമാർക്ക് മാത്രമായി ക്രിമിനൽ കുറ്റമാക്കുന്ന നടപടിയോട് അവർക്ക് വിയോജിപ്പുണ്ട് എന്നതും കാണാതിരിക്കുന്നില്ല. വ്യക്തിനിയമങ്ങൾ കാലാനുസൃതം പരിഷ്കരിക്കണം എന്നത് സി.പി.എം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടതാണ്. അവർക്ക് ആകെയുള്ള എതിർപ്പ് ഈ നിയമം കൊണ്ടുവരുന്നത് മോദി സർക്കാർ ആണ് എന്നതാണ്. ആ ജാഗ്രതയെ അഭിവാദ്യം ചെയ്യുന്നുവെന്നും കിനാലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൂന്നു കാര്യങ്ങൾ:
ഒന്ന് :
ഏകീകൃത സിവിൽ കോഡ് മുസ്ലിംകളെക്കൂടി ബാധിക്കുന്ന പ്രശ്നം ആണ്, മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ല. ആദിവാസികൾ, ഗോത്രവർഗങ്ങൾ, വർണാശ്രമത്തിന് പുറത്തുനിൽക്കുന്ന കീഴാളർ, ക്രൈസ്തവർ, സിഖ്‌കാർ- ഇവരെയെല്ലാം ഈ നിയമം പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് മുസ്‌ലിംകൾക്ക് മാത്രമായി ഒരു ബേജാറ് ഉണ്ടാകേണ്ടതില്ല. ഇത് മുസ്ലിംകൾക്ക് പണി കൊടുക്കാനുള്ള നിയമം ആണെന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നുണ്ട്. അത് അവരുടെ രാഷ്ട്രീയമാണ്. സംഘി സാധുക്കൾക്ക് ആഘോഷിക്കാൻ അത് മതിയാകും. പൊതുസിവിൽ നിയമം പ്രതികൂലമായി ബാധിക്കുന്ന സമുദായങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും കൂട്ടായ്മ രൂപപ്പെടുത്താനുള്ള നീക്കമാണ് ഇന്നേരത്ത് ഉണ്ടാവേണ്ടത്.
രണ്ട്:
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളെ പൂർണമായും നമ്പാതിരിക്കുക. അവർക്ക് അജണ്ടകൾ ഉണ്ട്. അവരെ അവിശ്വസിക്കേണ്ട. പക്ഷേ അവർ ഇക്കാര്യത്തിൽ ആത്മാർത്ഥ സമീപനം കൈക്കൊള്ളും എന്ന് കരുതുകയും വേണ്ടി. ഡ്രാഫ്റ്റ് വരുവോളം കാത്തിരിക്കാം എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മോഡി സർക്കാർ കൊണ്ടുവരുന്ന ഒരു നിയമത്തിന്റെ, അതും സംഘപരിവാർ കാലങ്ങളായി ഉന്നയിക്കുന്ന ഒരു വിഷയത്തിലുള്ള നിയമത്തിന്റെ ഡ്രാഫ്റ്റ് വരട്ടെ എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം ആരെയും ദ്രോഹിക്കാതെയും നിയമം കൊണ്ടുവരാനുള്ള 'നിഷ്കളങ്കത' മോഡി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കലാണ്. അഥവാ കോൺഗ്രസിന് ആർ എസ് എസിനെ ഇനിയും മനസിലായിട്ടില്ല എന്ന് തന്നെ. അപ്പോഴും ഒരു ഉറപ്പ് കോൺഗ്രസിന്റെ കാര്യത്തിൽ പറയാനാകും. ഭാവിയിൽ അധികാരം കിട്ടിയാൽതന്നെയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കോൺഗ്രസ് തയാറാകില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യത്തിൽ ആ ഉറപ്പ് പോലും പറയാനാകില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ അവർ ആദ്യം ചെയ്യുന്ന കാര്യം ഏകീകൃത സിവിൽ കോഡ് നടപ്പാക്കലാകും. മോഡി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ ആണെന്ന് വിശ്വസിക്കുന്നിടത്താണ് ഇപ്പോഴും സിപിഎമ്മിന്റെ നിൽപ്. അതേസമയം സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന വിവാഹമോചനത്തെ മുസ്ലിം പുരുഷൻമാർക്ക് മാത്രമായി ക്രിമിനൽ കുറ്റമാക്കുന്ന നടപടിയോട് അവർക്ക് വിയോജിപ്പുണ്ട് എന്നതും കാണാതിരിക്കുന്നില്ല. വ്യക്തിനിയമങ്ങൾ കാലാനുസൃതം പരിഷ്കരിക്കണം എന്നത് സിപിഎം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടതാണ്. അവർക്ക് ആകെയുള്ള എതിർപ്പ് ഈ നിയമം കൊണ്ടുവരുന്നത് മോഡി സർക്കാർ ആണ് എന്നതാണ്. ആ ജാഗ്രതയെ അഭിവാദ്യം ചെയ്യുന്നു. പക്ഷേ കേരളത്തിൽ ഇതൊരു മുസ്‌ലിം ഇഷ്യൂ ആക്കി അവതരിപ്പിക്കാനുള്ള പാർട്ടിയുടെ തിടുക്കത്തെ അപലപിക്കാതെ വയ്യ. UCC ക്കെതിരായ സിപിഎമ്മിന്റെ ആദ്യ സെമിനാർ കോഴിക്കോട് നടത്തുന്നു എന്നത് അത്ര നിഷ്കളങ്കമല്ല!! ആ തിരഞ്ഞെടുപ്പിൽ ഡെമോഗ്രഫിക് ആയ താല്പര്യമുണ്ട് എന്ന് ആർക്കാണ് അറിയാത്തത്?
മൂന്ന്:
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ മുസ്ലിംകളുടെ രക്ഷകർതൃത്വം ഏറ്റെടുക്കാനുള്ള തിടുക്കമാണ്. സി ഐ എ കാലത്തേതിന് സമാനം. മുസ്ലിംകളുടെ കാര്യം പോക്കാണ്, വേണമെങ്കിൽ ഞങ്ങളുടെ ചിറകിനടിയിലേക്ക് നിന്നോളൂ എന്ന ലൈനിലാണ് രാഷ്ട്രീയകക്ഷികൾ. അവരോട് വിനയത്തോടെ രണ്ട് കാര്യങ്ങൾ ഉണർത്താതെ വയ്യ. ഒന്നാമതായി, ഇതൊരു മുസ്‌ലിം പ്രശ്നം അല്ലെന്ന തികഞ്ഞ ബോധ്യം മുസ്‌ലിം സമുദായത്തിനുണ്ട്. രണ്ടാമതായി, ഏകീകൃത സിവിൽ കോഡിനെതിരായ എല്ലാ ജനാധിപത്യ സമരങ്ങൾക്കൊപ്പവും ഇതര സമുദായങ്ങളെയെന്ന പോലെ മുസ്ലിംകളും ഉണ്ടായേക്കും. സമരത്തിലെ രാഷ്ട്രീയ ലാക്ക് മനസിലാക്കി തന്നെയാകും ആ പങ്കാളിത്തം. അതിനപ്പുറം ഈ നിയമം മുന്നിൽവെച്ച് മുസ്ലിംകളുടെ തന്ത ചമയാനുള്ള നീക്കങ്ങൾ സാമാന്യം ബോറാണ്. അത് ഏത് പാർട്ടി നടത്തിയാലും.