ക്രിസ്മസ് ചന്തയിൽ സബ്‌സിഡി സാധനങ്ങളില്ല; തൃശൂരിൽ നാട്ടുകാരുടെ പ്രതിഷേധം
പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടനത്തിനെത്തിയ മേയറും എം.എൽ.എയും ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി.
തൃശൂർ: സപ്ലൈകോയുടെ ക്രിസ്മസ് ചന്തയിൽ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തൃശൂരിൽ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. സബ്‌സിഡിയുള്ള 13 സാധനങ്ങൾ ഉണ്ടാവുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് സാധനങ്ങൾക്ക് മാത്രമാണ് സബ്‌സിഡിയുള്ളതെന്ന് നാട്ടുകാർ പറയുന്നു.
പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടനത്തിനെത്തിയ മേയറും എം.എൽ.എയും ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി. ഉദ്ഘാടന ദിവസം തന്നെ സാധനങ്ങളില്ലാത്തത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് സ്‌പ്ലൈകോയുടെ ചന്തയിലെത്തിയതെന്നും എന്നാൽ സാധനങ്ങളില്ലാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു.
സബ്‌സിഡിയുള്ള 13 സാധനങ്ങളും ഉടൻ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. ചന്ത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. അതാണ് സാധനങ്ങളെത്തിക്കാൻ വൈകിയത്. നാളെയോടെ സബ്‌സിഡിയുള്ള മുഴുവൻ സാധനങ്ങളും എത്തിക്കുമെന്നും സപ്ലൈകോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.