ആ കാറുകളൊന്നും മോന്‍സന്‍റെ പേരിലല്ല; മതിയായ രേഖകളില്ലെന്നും മോട്ടോര്‍വാഹന വകുപ്പ്

റിപ്പോര്‍ട്ട് ഇന്ന് മോട്ടോര്‍വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറും

Update: 2021-10-07 08:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങളിലൊന്നു പോലും മോന്‍സണിന്‍റെ പേരിലുളളതല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്. കാറുകൾക്ക് മതിയായ രേഖകളില്ലെന്നും പരിശോധനയിൽ കണ്ടെത്തി. റിപ്പോര്‍ട്ട് ഇന്ന് മോട്ടോര്‍വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറും.

മോൻസൻ ഉപയോഗിച്ച 8 ആഡംബര കാറുകളെക്കുറിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്.ഇതിൽ നാല് വാഹനങ്ങളെക്കുറിച്ച് ഒരു വിവരവും പരിശോധനയിൽ കണ്ടെത്താനായില്ല. പരിവാഹന്‍ വെബ്സൈറ്റിൽ പോലും വിവരങ്ങൽ ലഭ്യമല്ലെന്ന് കാക്കനാട്ട് ആര്‍ടിഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.ഹരിയാനയിൽ രജിസ്റ്റര്‍ ചെയ്ത ടൊയോട്ട എസ്റ്റിമ, മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള റേഞ്ച് റോവര്‍ എന്നിവ ഉൾപ്പടെയുളളവയെക്കുറിച്ചാണ് വിവരങ്ങൾ ലഭ്യമല്ലാത്തത്.രാജ്യത്തെ ആദ്യത്തെ സ്പോര്‍ട് കാര്‍ എന്ന പേരിൽ വന്‍ തട്ടിപ്പ് നടത്തിയ ഡിസി അവന്തിയും മോന്‍സണിന്‍റെ പക്കലുണ്ട്.

8 ആഡംബര കാറുകളും മോന്‍സന്‍റെ പേരിലല്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിഗമനം. മതിയായ രേഖകളും വാഹനങ്ങൾക്കില്ല. മസ്തയുടേയും മിസ്തുബുഷിയുടേയും വാഹനങ്ങൾ രൂപമാറ്റം വരുത്തി പോര്‍ഷെ ആക്കിമാറ്റിയെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മോൻസന്‍റെ വാഹനങ്ങളിൽ ഏറെയും കാലപ്പഴക്കം ചെന്നതും റോഡിൽ ഉപയോഗിക്കാൻ സാധിക്കാത്തതുമാണെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനും ട്രാൻസ്‌പോർട് കമ്മീഷണർക്കും ഇന്ന് കൈമാറും. വാഹനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാന്‍ മറ്റു സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകളെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

അതേസമയം മോൻസൺ മാവുങ്കലിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിന്‍റെ പേരിൽ പണം തട്ടിയെന്ന കേസിലാണ് മോൻസനെ മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോൻസൺ നൽകിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News