കുറ്റവാളിയല്ല, അതുകൊണ്ട് ഭയവുമില്ല: ഐഷ സുൽത്താന

"ഞങ്ങൾ ദ്വീപുകാർക്ക് ആരുമായും ശത്രുതയില്ല. ഞങ്ങൾ പൊരുതുന്നതിന്റെ ഭാഗമായി ഞങ്ങളെ ആരൊക്കെയേ ശത്രുക്കളാക്കി വച്ചിട്ടുണ്ട്"

Update: 2021-06-29 08:01 GMT
Editor : abs | By : Web Desk
Advertising

പാകിസ്താനുമായി തനിക്കല്ല, ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കാണ് ബന്ധമെന്ന് ലക്ഷദ്വീപിലെ സാമൂഹ്യപ്രവർത്തക ഐഷ സുൽത്താന. അബ്ദുല്ലക്കുട്ടിയുടെ തലത്തില്‍ ഒരു ദ്വീപു നിവാസിക്കും ചിന്തിക്കാനാകില്ല എന്നും അവർ പറഞ്ഞു. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐഷ.

'അല്ലാഹുവിന്റെ അടുത്തു നിന്ന് വീണു കിട്ടിയ അവസരമായിട്ടാണ് അബ്ദുല്ലക്കുട്ടി ഈ പ്രശ്‌നത്തെ കാണുന്നത്. ഞങ്ങള് പടച്ചോന്റെ മനസ്സുള്ള ആളുകളാണ്. അബ്ദുല്ലക്കുട്ടി ചിന്തിക്കുന്ന ഒരു ലെവലിൽ ഒരിക്കലും ലക്ഷദ്വീപിലെ ജനങ്ങൾക്ക് ചിന്തിക്കാൻ പറ്റില്ല. ഈയൊരു പ്രശ്‌നം പാകിസ്താൻകാർ സെലബ്രേറ്റ് ചെയ്യുന്നു എന്നാണ് അബ്ദുല്ലക്കുട്ടി വീഡിയോയിൽ പറയുന്നത്. എനിക്ക് മനസ്സിലാകാത്തത്, ഐഷ സുൽത്താനയെന്ന പേരു പോലെത്തന്നെയാണ് അബ്ദുല്ലക്കുട്ടി എന്നതും. അബ്ദുല്ലക്കുട്ടിക്കാണ് അറിയുന്നത്, പാകിസ്താൻ സെലിബ്രേറ്റ് ചെയ്യുകയാണ് എന്ന്. തീർച്ചയായും അയാൾക്കാണ് അവിടെ ബന്ധമുള്ളത്' - അവർ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപൺ എന്ന പദപ്രയോഗത്തെ കുറിച്ചും അവർ വിശദീകരിച്ചു. നുണ കേട്ടുകൊണ്ടിരിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ പറഞ്ഞ വാക്കുകളാണത്. അപ്പോൾ വായിൽ വന്ന ഒരു വാക്കാണത്. ചതിക്കുഴിയിലാണ് വീണിട്ടുള്ളത്. താൻ തെറ്റു ചെയ്ത ആളല്ല. ഇവളിനി കരകയറരുത് എന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ കരകയറിയേ തീരൂ എന്നാണ് ആഗ്രഹിക്കുന്നത്. തനിക്ക് നിലനിന്നു പോയാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാൻ പറ്റൂ- അവർ വ്യക്തമാക്കി.

'ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ വന്ന ശേഷമാണ് ഞങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടായത്. അയാൾ തനി ബിസിനസുകാരാണ്. അവിടത്തെ കെട്ടിടങ്ങൾ ഇടിച്ചിട്ട് പുതിയ ബിൽഡിങ്ങുകൾ വരികയാണ്. അതിന്റെ കരാറുകൾ പോകുന്നത് പട്ടേലിന്‍റെ മകനും അവരുടെ കുടുംബത്തിനുമാണ്. ലക്ഷദ്വീപ് ബിജെപിയിലെ എല്ലാവരും പ്രതികരിച്ചത് കണ്ടില്ലേ. പ്രഫുൽ പട്ടേലിനെ എന്തായാലും അവിടെ നിന്നു മാറ്റുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടെ സ്വാതന്ത്ര്യം ആണ് ഞങ്ങളുടെ അടിസ്ഥാന പ്രശ്‌നം. മദ്യമല്ല. നമ്മുടെ മണ്ണ് മറ്റുള്ളവർക്ക് എഴുതിക്കൊടുക്കുന്നതാണ് പ്രശ്‌നം' - ഐഷ കൂട്ടിച്ചേർത്തു.

കേസെടുത്തതിൽ ഭയമില്ലെന്നും അവർ പറഞ്ഞു. 'ഞാനൊരു കുറ്റവാളിയല്ല എന്നതു കൊണ്ട് എനിക്ക് പേടിയില്ല. സത്യത്തിന്റെ കൂടെ മാത്രമേ എല്ലാവരും നിൽക്കൂ. ഇന്ന് എനിക്കിത് തരണം ചെയ്യാൻ പറ്റും. വേറൊരു പെൺകുട്ടിയായിരുന്നു എങ്കിൽ അത് പറ്റുമായിരുന്നില്ല. കോടതി നമ്മുടെ സത്യാവസ്ഥ മനസ്സിലാക്കുന്ന നിമിഷം ഞാൻ ഭയങ്കരമായി സന്തോഷിച്ചു. എന്റെ ജാമ്യം റദ്ദാക്കാൻ വേണ്ടി അവർ കിണഞ്ഞു നോക്കുന്നുണ്ട്. ഞാൻ കാരണം എന്റെ നാടിന് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരു അജണ്ടയുടെ ഭാഗമായാണ് എനിക്കെതിരെയുള്ള നീക്കം. മുൻകൂർ ജാമ്യം എടുക്കാതെ പോയാൽ എന്നെ അറസ്റ്റു ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. ഞങ്ങൾ ദ്വീപുകാർക്ക് ആരുമായും ശത്രുതയില്ല. ഞങ്ങൾ പൊരുതുന്നതിന്റെ ഭാഗമായി ഞങ്ങളെ ആരൊക്കെയോ ശത്രുക്കളാക്കി വച്ചിട്ടുണ്ട്' - അവർ വ്യക്തമാക്കി.

സ്വന്തം അനുഭവങ്ങൾ പശ്ചാത്തലമാക്കി സിനിമ ചെയ്യുമെന്നും ഐഷ പറഞ്ഞു. 'എനിക്കറിയാവുന്ന പണി സംവിധാനമാണ്. എന്റെ ജീവിതം തന്നെ ഇപ്പോള്‍ സിനിമയാണ്. അതു പകർത്തിയാൽ മാത്രം മതി. സ്‌ക്രിപറ്റ് റെഡിയാണ്' - ചിരിയോടെ അവര്‍ പറഞ്ഞു. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News