സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരസ്യപ്രതിഷേധത്തിന് എൻ.എസ്.എസ്; നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ നിർദേശം
ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന എന്‍.എസ്.എസ് ആവശ്യത്തെ സർക്കാർ നിസാരവത്കരിച്ചുവെന്ന പരാതിയും എന്‍എസ്എസിനുണ്ട്.
കോട്ടയം: സ്പീക്കർ എ.എന്‍. ഷംസീറിനെതിരെ പരസ്യപ്രതിഷേധത്തിന് എന്‍.എസ്.എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ നിർദേശം നല്‍കി. ഗണപതിയെ വിമർശിച്ച ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന എന്‍.എസ്.എസ് ആവശ്യത്തെ സർക്കാർ നിസാരവത്കരിച്ചുവെന്ന പരാതിയും എന്‍എസ്എസിനുണ്ട്.
ഹൈന്ദവ ആരാധനാ മൂർത്തിയായ ഗണപതിയെ വിമർശിച്ച സ്പീക്കർ എ.എന്‍ ഷംസീറിന് തല്‍സ്ഥാനത്ത് തുടരാന്‍ അർഹതയില്ലെന്നും സ്പീക്കര്‍ സ്ഥാനം ഷംസീർ ഒഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരിന്നു.
എന്നാല്‍ എന്‍.എസ്.എസ് നടപടിയെ വിമർശിച്ച സി.പി.എം ഷംസീറിന് പൂർണ പിന്തുണയും നല്‍കി. ഇതിന് പിന്നാലെയാണ് പരസ്യപ്രതിഷേധത്തിന് എന്‍.എസ്.എസ് തീരുമാനിച്ചിരിക്കുന്നത്.
ഗണപതിയെ വിമർശിച്ച ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന എന്‍.എസ്.എസ്. ആവശ്യത്തെ സർക്കാർ നിസാരവത്കരിച്ചു, ഇതില്‍ ശക്തമായ പ്രതിഷേധം എന്‍എസ്എസിനുണ്ടെന്ന് ജി. സുകുമാരന്‍ നായർ താലൂക്ക് പ്രസിഡന്റുമാർക്ക് നല്‍കിയ കത്തിലുണ്ട്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എല്ലാ താലൂക്ക് പ്രസിഡന്റുമാർക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിർദ്ദേശം നല്‍കി. വിശ്വാസികള്‍ രാവിലെ ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തണമെന്ന നിർദ്ദേശവുമുണ്ട്.