'നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്'; അറസ്റ്റ് വാറന്റിൽ എൻ.എസ്.എസ്

വൈക്കം താലൂക്ക് എൻ.എസ്.എസ് യൂനിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. വിനോദ് കുമാർ നൽകിയ പരാതിയിലാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി നേരത്തെ ഇടപെട്ടിരുന്നത്

Update: 2024-08-16 15:51 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരായ അറസ്റ്റ് വാറന്റിൽ വിശദീകരണവുമായി എൻ.എസ്.എസ് നേതൃത്വം. കമ്പനി നിയമലംഘനം ആരോപിച്ച് സ്വകാര്യവ്യക്തി നൽകിയ ഹരജി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തതാണെന്നു വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 2025 ജനുവരി എട്ടുവരെ അറസ്റ്റ് നടപടികൾ ഹൈക്കോടതി തടഞ്ഞിട്ടുണ്ടെന്നും എൻ.എസ്.എസ് ചൂണ്ടിക്കാട്ടി.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് വിശദീകരണം. 2013 കമ്പനി നിയമം എൻ.എസ്.എസ്സിനു ബാധകമല്ല. 1961 കേരള നോൺ ട്രേഡിങ് നിയമം മാത്രമാണ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം സുകുമാരൻ നായർ ഉൾപ്പെടെയുള്ളവർക്കെതിരെ വാറന്റ് അയച്ചത്. കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി. ഭാരവാഹികളും ഡയറക്ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നാരോപിച്ച് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂനിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. വിനോദ് കുമാർ നൽകിയ പരാതിയിലാണ് നടപടി.

എൻ.എസ്.എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്നാണ് ആരോപണം. പല തവണ നോട്ടിസയച്ചിട്ടും ഹാജരാകാൻ തയാറാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹരജി അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.

Summary: SS leadership explanation on arrest warrant against Sukumaran Nair and board members

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News