നഗ്നദൃശ്യ വിവാദത്തിൽ വീണ്ടും നടപടി: സോണയെ പിന്തുണച്ച സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന് കാരണം കാണിക്കൽ നോട്ടീസ്
സോണക്കെതിരെ പരാതി നൽകിയവരെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്
ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗമായിരുന്ന എ പി സോണയുൾപ്പെട്ട നഗ്‌നദൃശ്യ വിവാദത്തിൽ വീണ്ടും നടപടി. സമൂഹമാധ്യമങ്ങളിൽ സോണയെ പിന്തുണച്ച ഏരിയ കമ്മിറ്റി അംഗം എ ഡി ജയനോട് പാർട്ടി വിശദീകരണം തേടി. സോണക്കെതിരെ പരാതി നൽകിയവരെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ആലപ്പുഴ സൌത്ത് ഏരിയ കമ്മിറ്റിയാണ് വിശദീകരണം തേടിയത്.
സഹപ്രവർത്തകയുടേത് ഉൾപ്പെടെ നഗ്‌നദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സോണയെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന് സി.ഐ.ടി.യുവും അറിയിച്ചിട്ടുണ്ട്. പുറത്താക്കിയ നടപടി ഇന്ന് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് സോണ ഫോണിൽ സൂക്ഷിച്ചിരുന്നത്. ഇയാൾ വീട്ടിക്കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ നിന്ന് സ്ത്രീയുടെ പരാതിയുമുയർന്നിരുന്നു. പരാതി ലഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം നടപടി സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിഐടിയുവിന്റെ നടപടി.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ലഹരിക്കടത്ത്, നഗ്‌നദൃശ്യ വിവാദങ്ങളിൽ നടപടിയെടുത്ത് മുഖം രക്ഷിക്കാനായെങ്കിലും കുട്ടനാട്ടിലെ സിപിഎമ്മിന്റെ പ്രതിസന്ധി തീർന്നിട്ടില്ല. താഴേത്തട്ടിലെ ചർച്ചകളുടെ ഫലപ്രാപ്തി അറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് പരാതി നൽകിയ നേതാക്കളും പ്രവർത്തകരും പറയുന്നത്. വരും ദിവസങ്ങളിൽ കുട്ടനാട്ടിലെ തുടർ ചർച്ചകൾ ആരംഭിക്കും.