നഗ്‌നദൃശ്യ വിവാദം: സോണക്കെതിരായ പരാതി എഴുതിച്ചേർത്തത്, രാഷ്ട്രീയ ശത്രുത തീർക്കാൻ കരുവാക്കിയെന്ന് യുവതി
വിഷയത്തിൽ എം വി ഗോവിന്ദന് പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരി
ആലപ്പുഴ: എ പി സോണ ഉൾപ്പെട്ട നഗ്നദൃശ്യവിവാദ കേസിൽ സാമ്പത്തിക പരാതി മാത്രമാണ് നൽകിയതെന്ന് പരാതിക്കാരി. തന്നെയും മകളെയും ആക്രമിച്ചെന്ന് പരാതിയിൽ എഴുതി ചേർത്തു. രാഷ്ട്രീയശത്രുത തീർക്കാൻ കരുവാക്കിയെന്നും യുവതി പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗമായ ജയൻ ഭീഷണിപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ എം വി ഗോവിന്ദന് പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരി അറിയിച്ചു.
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് നഗ്നദൃശ്യവിവാദത്തില്‍ ആലപ്പുഴയിൽ നടപടി നേരിട്ട സി.പി.എം നേതാവ് എ.പി സോണ നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് നടപടി എടുപ്പിച്ചതിന് പിന്നിൽ സജി ചെറിയാൻ പക്ഷത്തെ നേതാക്കളാണെന്നായിരുന്നു സോണയുടെ ആരോപണം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന സോണയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സോണയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്.
സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് സോണ ഫോണിൽ സൂക്ഷിച്ചിരുന്നതെന്നായിരുന്നു കണ്ടെത്തൽ. ഇയാൾ വീട്ടിക്കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ നിന്ന് സ്ത്രീയുടെ പരാതിയുമുയർന്നിരുന്നു. പരാതി ലഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം നടപടി സ്വീകരിക്കുന്നത്.