പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സിംഗ് വിദ്യാര്‍ഥികളുടെ മാസ് ക്യാമ്പയിന്‍

പ്രതിദിന കോവിഡ് കേസുകൾ ഇത്രയും ഉയരുന്ന സാഹചര്യത്തിൽ എക്സാം നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു

Update: 2021-04-25 06:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ആരോഗ്യ സര്‍വകലാശാലയിലെ നഴ്സിംഗ് വിദ്യാര്‍ഥികളുടെ മാസ് ക്യാമ്പയിന്‍. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആണ് തങ്ങളെ ആശുപത്രിയിലേക്ക് വിടുന്നതെന്നും പ്രതിദിന കോവിഡ് കേസുകൾ ഇത്രയും ഉയരുന്ന സാഹചര്യത്തിൽ എക്സാം നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ കത്ത്

ഞങ്ങൾ KUHS യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ്.ഈ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും ഞങ്ങളെ ക്ലിനിക്കൽ പോസ്റ്റിംഗിന് വിടുന്നു. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആണ് ഞങ്ങളെ ഇപ്പോഴും ആശുപത്രിയിലേക്ക് വിടുന്നത്.പല കുട്ടികൾക്കും പോസ്റ്റിംഗിന്‍റെ ഇടയിൽ പ്രൈമറി കോൺടാക്ട് വന്നിട്ടും കോളേജിൽ നിന്നും അതിനു ആവിശ്യമായ നടപടികളോ ക്വാറന്റൈനോ നൽകിയിട്ടില്ല. ആ കുട്ടികൾ ഇപ്പോഴും പോസ്റ്റിങ്ങ്‌ തുടരുകയും മറ്റു കുട്ടികളും രോഗികളും ആയി സമ്പർക്കം നടത്തുകയും ചെയ്യുന്നുണ്ട്.ഞങ്ങളുടെ requirements തീർക്കാൻ വേണ്ടിയാണു ഇപ്പോൾ പോസ്റ്റിങ്ങ്‌ ഇട്ടിരിക്കുന്നതെന്നു പറഞ്ഞാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. എന്നാൽ യഥാർത്ഥത്തിൽ സ്റ്റാഫ്‌ ഷോർട്ടേജ് ഉള്ളതിനാൽ ആണ് ഞങ്ങളെ പോസ്റ്റിംഗിന് കൊണ്ടുപോകുന്നത്.

അവസാന വർഷ വിദ്യാർത്ഥികളുടെ എക്സാം നടത്താൻ വേണ്ടിയാണു നിവേദനം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങളുടെ എക്സാം നടത്താൻ ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഈ എക്സാം അടുത്ത സാഹചര്യത്തിലും പോസ്റ്റിങ്ങ്‌ തുടരുന്നതിനാൽ ഞങ്ങള്‍ക്ക് പഠിക്കുവാനുള്ള സമയം കിട്ടുന്നില്ല. മാനസികമായും ശാരീരികമായും ഞങ്ങൾ വളരെ തളർന്നിരിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകൾ ഇത്രയും ഉയരുന്ന സാഹചര്യത്തിൽ എക്സാം നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല.

എല്ലാ വിദ്യാർത്ഥികൾക്കും 2 ഡോസ് വാക്‌സിൻ എടുത്തു എന്ന് പറഞ്ഞാണ് ഇവർ എക്സാമും പോസ്റ്റിങ്ങും ഒക്കെ നടത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഒരു ഡോസ് വാക്‌സിൻ മാത്രമേ ഞങ്ങൾക്ക് നൽകിയിട്ടുള്ളു. ആ ഒരു ബലത്തിലാണ് മറ്റു സുരക്ഷാ മാനത്തണ്ഡങ്ങൾ ഒന്നും ഇല്ലാതെ ഇവർ ഞങ്ങളെ പോസ്റ്റിംഗിന് വിടുന്നതും എക്സാം നടത്തുന്നതും.

ഹോസ്റ്റലിൽ നിൽക്കുന്ന വിദ്യാർത്ഥികളും എന്നും വീട്ടിൽ പോയി വരുന്ന വിദ്യാർത്ഥികളും ഒരു ക്ലാസ്സിൽ ഇരുന്നാണ് പഠിക്കുന്നത്. അവരുമായി ഞങ്ങൾ സമ്പർക്കം പുലർത്തുന്നുണ്ട്. അതുകൂടാതെ അധ്യാപകരും ഭക്ഷണം ഉണ്ടാകുന്നവരും സ്ഥിരം വീട്ടിൽ പോയി വരുന്നവരാണ്. ഇവരും ഞങ്ങളും തമ്മിൽ യാതൊരുവിധ അകലും പാലിക്കുന്നില്ല. ഞങ്ങളെ വീട്ടിലും പുറത്തും വിടാതെ ഇവിടെ നിർത്തിയിരിക്കുകയാണ്. ഞങ്ങൾ പുറത്ത് ഇറങ്ങിയാൽ കോവിഡ് പടരുമെന്നാണ് അവർ പറയുന്നത്. എന്നാൽ ഞങ്ങളുടെ സുരക്ഷിതത്വം ഇതിൽ എവിടെയാണ് ഉള്ളത്?

ഈ ഒരു സാഹചര്യത്തിൽ ഞങ്ങൾ നഴ്സിംഗ് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷം കേരള ഗവണ്മെന്‍റ് കാണാതിരിക്കരുത്.ക്ലാസുകൾ ഓൺലൈൻ ആക്കാനും എക്സാം മാറ്റി വെക്കാനും ഉള്ള നടപടികൾ സ്വീകരിക്കണം. ഞങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കി അതിനു വേണ്ട നടപടികൾ നിങ്ങൾ സ്വീകരിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. കേരള ഗവണ്മെന്‍റില്‍ ആണ് ഞങ്ങൾ വിദ്യാർത്ഥികളുടെ പ്രതീക്ഷ.ഞങ്ങൾ വിദ്യാർത്ഥികളെ കൈവിടരുത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News