ഓട്ടോ ഡ്രൈവർ; 'ബംപർ ഭാഗ്യം' വന്നത് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിന്

Update: 2022-09-18 11:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിൽ ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക അടിച്ച ആ ബംപർ ഭാഗ്യവാൻ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ഇന്നലെ രാത്രി എടുത്ത ഓണം ബംപര്‍ ടിക്കറ്റിനാണ് 25 കോടി അടിച്ചിരിക്കുന്നത്.

30 വയസുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. അമ്മയും ഭാര്യയും മകനും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം. ഓട്ടോ ഓടിച്ചു തന്നെയാണ് യുവാവ് കുടുംബത്തെ പോറ്റുന്നത്.

ഇന്നലെ രാത്രിയാണ് അനൂപ് തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റെടുത്തത്. TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തങ്കരാജ് ആണ് ലോട്ടറി ഏജന്റ്. 25 കോടിയുടെ സമ്മാനത്തുകയിൽ നികുതികൾ ഒഴിച്ച് 15.75 കോടി രൂപയാണ് അനൂപിന് കിട്ടുക.

കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസി വിറ്റ TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി ലഭിച്ചത്. പാലായിലെ പാപ്പൻ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്തു പേർക്ക്.

തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് ബംപർ നറുക്കെടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെ വിറ്റത്. 500 രൂപയായിരുന്നു ടിക്കറ്റ് വില.ഓണം ബംപർ വിൽപനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജിഎസ്ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സർക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വർഷം 124.5 കോടി രൂപയാണ് ഓണം ബംപറിലൂടെ സർക്കാരിന് കിട്ടിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News