വൺഡേ ട്രിപ്പ് മുതൽ മൂന്ന് ദിവസം വരെ; ചുരുങ്ങിയ ചെലവിൽ നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ

അവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ ടൂർ പാക്കേജുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി

Update: 2022-04-01 14:56 GMT
Advertising

ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളള മലയാളികൾക്ക് ചുരുങ്ങിയ ചെലവിൽ നാടുചുറ്റാൻ വഴിയൊരുക്കി കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ. വൺഡേ ട്രിപ്പ് മുതൽ മൂന്ന് ദിവസം വരെയുള്ള യാത്രകൾ ഒരുക്കുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുന്ന കെഎസ്ആർടിസി അവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ ടൂർ പാക്കേജുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. https://www.facebook.com/KeralaStateRoadTransportCorporation എന്ന കെഎസ്ആർടിസിയുടെ വേരിഫൈഡ് ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിൽ ബജറ്റ് ടൂർ പാക്കേജുകളുടെ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.


Full View

2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വൻവിജയമായതിനെത്തുടർന്നാണ് വിവിധ ഡിപ്പോകളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്.


Full View

സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളർത്തൽകന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ രണ്ട് ദിവസം, മൂന്ന് ദിവസം നീളുന്ന ടൂർ പാക്കേജുകളും ഉണ്ട്. മലക്കപ്പാറ സർവീസാണ് കെഎസ്ആർടിസിക്ക് ടൂർ പാക്കേജുകളിൽ ഏറ്റവും അധികം വരുമാനം ലഭിച്ചത്. മൂന്നാർ, കോതമംഗലം ജംഗിൾ സഫാരി, നെല്ലിയാമ്പതി എന്നിവയാണ് തൊട്ടു പിന്നിൽ. വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 മുതൽ 13 വരെ നടത്തിയ വുമൺസ് ട്രാവൽ വീക്കിൽ 4500 വനിതകൾ മാത്രം യാത്രചെയ്തുകൊണ്ട് 100 ട്രിപ്പാണ് കെഎസ്ആർടിസി നടത്തിയത്. പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്തത്.


Full View

കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജിൽ നാല് മാസത്തിനിടെ വിവിധ സർവീസുകളിൽ നിന്നായി 1,96,62,872 രൂപയാണ് വരുമാനം ലഭിച്ചത്. 763 ട്രിപ്പുകളിലായി 36,749 യാത്രക്കാർ വിവിധയിടങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തി.

One day trip to three days; KSRTC's budget tour to get around at minimal cost

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News