രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
അതേസമയം കസ്റ്റഡിയിലെടുത്ത ടി.പി. വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തു വിട്ടയച്ചു
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യപ്രതി അർജുൻ ആയങ്കിയെ സഹായിച്ച അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. അതേസമയം കസ്റ്റഡിയിലെടുത്ത ടി.പി. വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തു വിട്ടയച്ചു.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ മുഹമ്മദ് ഷാഫിയും അജ്മലും ചോദ്യം ചെയ്യലിന് ഹാജരായത്. അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്നും ഫെയ്സ്ബുക്കിൽ കണ്ടുള്ള പരിചയം മാത്രമാണുള്ളതെന്നും ഷാഫി മൊഴി നല്‍കി. വീട്ടിൽ നിന്ന് കണ്ടെടുത്ത പോലീസ് സ്റ്റാർ ചെഗുവേര തൊപ്പിയുടെതാണ്. പിടിച്ചെടുത്ത ലാപ്ടോപ്പ് അനിയത്തിയുടേതാണെന്നുമാണ് ഷാഫിയുടെ വാദം. അജ്മലിന്‍റെ സുഹ്യത്ത് അഷീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
അതേസമയം കേസില്‍ ജാമ്യം തേടി അര്‍ജുന്‍ കോടതിയെ സമീപിച്ചു. ഷെഫീഖ് നൽകിയ മൊഴിയിൽ തനിക്കെതിരെ തെളിവില്ലെന്നും കസ്റ്റംസിന്‍റെ ആരോപണം തെറ്റാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. അർജുന്‍റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് കസ്റ്റംസിന്‍റെ ആവശ്യം.
സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള കോടതി രണ്ട് തവണ കസ്റ്റഡി അപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെ അർജുന് അന്തർ സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വലിയ അളവിൽ സ്വര്‍ണം ഇന്ത്യയിലെത്തിച്ചുവെന്നും അത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.