സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലെെൻ തട്ടിപ്പ്
4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി
തിരുവനന്തപുരം: പേപ്പർ ലോട്ടറി ഓൺലൈൻ ലോട്ടറിയായി വിൽപ്പന നടത്തുവെന്നപേരിൽ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി. തമിഴ്നാട്, ഹൈദരാബാദ്, മഹാരാഷ്ട്ര സ്വദേശികളാണ് തട്ടിപ്പിന് ഇരയായത്. സമ്മാനതുക ലഭിക്കാൻ ജിഎസ്ടി അടയ്ക്കണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടത്. കേരള ലോട്ടറിയുടെ ഔദ്യോഗിക മുദ്രകളും പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചു. അഞ്ചു പേരെ പ്രതികളാക്കി തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരള സംസ്ഥാന ലോട്ടറിയുടെ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുളള വെബ് പോർട്ടൽ എന്ന രീതിയിൽ പ്രതികൾ പോർട്ടൽ തുടങ്ങിയ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയത്. വെബ് പോർട്ടലിൽ കയറി ലോട്ടറി നോക്കുന്നവർക്ക് സമ്മാനതുക ലഭിച്ചെന്ന് കാണിക്കുന്നു. ശേഷം ഇവരെ പ്രതികൾ വിളിക്കുകയും സമ്മാനതുക ലഭിക്കണമെങ്കിൽ ജിഎസ്ടി തുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പിന് ഇരയായവർ ഇവർക്ക് ജിഎസ്ടി തുക നൽകിയ ശേഷമാണ് തട്ടിപ്പ് നടന്നു എന്ന് തിരിച്ചറിഞ്ഞത്.