ഇടുക്കിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു

ഈ വർഷം ഇതുവരെ 25 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉണ്ടായെന്നാണ് സൈബർ സെല്ലിന്‍റെ കണക്ക്

Update: 2021-11-30 01:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു. ഈ വർഷം ഇതുവരെ 25 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉണ്ടായെന്നാണ് സൈബർ സെല്ലിന്‍റെ കണക്ക്. ഇക്കഴിഞ്ഞ ദിവസം അടിമാലിയിലുണ്ടായ രണ്ട് തട്ടിപ്പുകളിലായി എണ്‍പതിനായിരത്തിലേറെ രൂപയാണ് നഷ്ടമായത്.

ഇടുക്കിയില്‍ ഏറ്റവുമൊടുവില്‍ റിപ്പോർട്ട് ചെയ്തത് രണ്ട് കേസുകളും അടിമാലിയില്‍. പട്ടാളക്കാരനെന്ന് വിശ്വസിപ്പിച്ച് പച്ചക്കറി വ്യാപാരിയെ കബളിപ്പിച്ച് കൈക്കലാക്കിയത് നാല്‍പതിനായിരം രൂപ. മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്ന പട്ടാളക്കാർക്കായി പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടെത്തിയ ഫോണ്‍ കോളായിരുന്നു തുടക്കം. ഓർഡർ ചെയ്ത പച്ചക്കറിക്ക് ഗൂഗിള്‍ പേ വഴി പണമടയ്ക്കാനാകുന്നില്ലെന്നും അക്കൗണ്ട് നമ്പർ വേണമെന്നും സംഘം ആവശ്യപ്പെട്ടു. പിന്നീട് ഫോണിലേക്ക് വന്ന ഒടിപിയും വാങ്ങി. അത് കഴിഞ്ഞതും രണ്ട് ഘട്ടമായി നാല്‍പതിനായിരം അക്കൗണ്ടില്‍ നിന്ന് നഷ്ടമായി.

മറ്റൊന്ന് , അടിമാലി സ്വദേശിയായ റിട്ടയേഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ മകന് കാനഡയില്‍ പഠിക്കാന്‍ സൗകര്യമൊരുക്കാമെന്ന പേരിലാണ്. രണ്ട് മാസത്തിലേറെ ഫോണിലൂടെയും വാട്സാപ്പിലൂടെയും നിരന്തരം സംസാരിച്ച് ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. നാല് തവണയായി ആകെ 42,000 രൂപ ഇവരില്‍ നിന്ന് തട്ടി. രണ്ട് മാസം മുന്‍പ് ദേവികുളം സബ് കലക്ടർ, അടിമാലിയിലെ മുന്‍ ബേക്കറി ഉടമ എന്നിവരുടെ പേരിലും വ്യാജ വാട്സാപ്പ് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാന്‍ ശ്രമമുണ്ടായിരുന്നു ഓണ്‍ലൈന്‍ കാണാമറയത്തിരുന്നുള്ള തട്ടിപ്പ് കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും ആരെയും പിടികൂടാനാകുന്നില്ല. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലാണ് പലപ്പോഴും അന്വേഷണം എത്തിനില്‍ക്കുന്നത്.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News