എല്‍.ഡി.എഫ് യോഗത്തില്‍ അഹമ്മദ് ദേവർകോവിലിന് മാത്രം ക്ഷണം; പ്രതിഷേധവുമായി ഐ.എന്‍.എല്‍ വഹാബ് വിഭാഗം
അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫുമായി സഹകരിക്കാതിരിക്കുന്നതടക്കം ആലോചനയിൽ.
കോഴിക്കോട്: എല്‍.ഡി.എഫ് യോഗത്തില്‍ അഹമ്മദ് ദേവർകോവിലിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധവുമായി ഐ.എന്‍.എല്‍ വഹാബ് വിഭാഗം. രണ്ടു വിഭാഗവും ഒരുമിച്ചു വന്നാലേ മുന്നണിയിലേക്ക് വിളിക്കൂ എന്ന നിലപാടില്‍ നിന്ന് മാറി കാസിം ഇരിക്കൂർ വിഭാഗത്തെ മാത്രം പരിഗണിച്ചതിലാണ് പ്രതിഷേധം. വഹാബ് വിഭാഗം എൽ.ഡി.എഫിനും സി.പി.എമ്മിനും കത്ത് നൽകും. അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫുമായി സഹകരിക്കാതിരിക്കുന്നതടക്കം ആലോചനയിലുണ്ട്.
രണ്ട് വിഭാഗമായി മാറിയതിന് ശേഷം ഐ.എന്‍.എല്‍ ഭാരവാഹികളെ എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. മന്ത്രിയായതിനാല്‍ അഹമ്മദ് ദേവർകോവിലിന് മാത്രമായിരുന്നു ക്ഷണം. മന്ത്രിസ്ഥാനം രാജിവെച്ചതിന് ശഷമുള്ള എൽ.ഡി.എഫ് യോഗത്തില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ ക്ഷണിച്ചതുമില്ല. എന്നാല്‍ ഈ നിലപാടിൽ നിന്ന് മാറി കഴിഞ്ഞ പത്താം തീയതി നടന്ന മുന്നണി യോഗത്തില്‍ കാസിം വിഭാഗത്തിലെ അഹമ്മദ് ദേവർകോവലിനെ മാത്രം ക്ഷണിച്ചതാണ് വഹാബ് വിഭാഗത്തെ ചൊടിപ്പിച്ചത്.
ഇതിലെ പ്രതിഷേധം അറിയിച്ചും തങ്ങളെക്കൂടി മുന്നണി യോഗത്തിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടും എൽ.ഡി എഫ് നേതൃത്വത്തിന് കത്ത് നൽകാൻ ഇന്ന് കോഴിക്കോട് ചേർന്ന ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ബോർഡ് കോർപറേഷന്‍ സ്ഥാനങ്ങളടക്കം നൽകാത്തതിലും പാർട്ടിയില്‍ അമർഷമുണ്ട്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സഹകരണം സംബന്ധിച്ച് മറ്റാലോചനകളിലേക്ക് കടക്കേണ്ടിവരുമെന്ന് സൂചനയും വഹാബ് വിഭാഗം നൽകുന്നു. വിശദമായ ചർച്ചകള്‍ക്കായി ഈ മാസം 27ന് ഐ.എന്‍.എല്‍ വഹാബി വിഭാഗം പ്രവർത്തക സമിതി വിളിച്ചു ചേർത്തിട്ടുണ്ട്.