'മാറ്റം' പ്രതിഫലിക്കാതെ ഡിസിസി പട്ടിക; തലമുറമാറ്റം രണ്ടു പേരിൽ ഒതുങ്ങി

ഗ്രൂപ്പ് പൂർണമായും വെട്ടിനിരത്താൻ ഇറങ്ങിയ കെ സുധാകരനും വി ഡി സതീശനും ഗ്രൂപ്പിന് അതീതമായി അധ്യക്ഷന്മാരെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ല

Update: 2021-08-29 02:02 GMT
Advertising

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ തലമുറമാറ്റം രണ്ടു പേരിൽ മാത്രം ഒതുങ്ങി. 45 വയസിനു താഴെയുള്ളവരിൽ എറണാകുളത്ത് മുഹമ്മദ്‌ ഷിയാസും മലപ്പുറത്ത് വി എസ്‌ ജോയിയുമാണ് പട്ടികയിലെ യുവമുഖങ്ങൾ. ഗ്രൂപ്പ് പൂർണമായും വെട്ടിനിരത്താൻ ഇറങ്ങിയ കെ സുധാകരനും വി ഡി സതീശനും ഗ്രൂപ്പിന് അതീതമായി അധ്യക്ഷന്മാരെ നിശ്ചയിക്കാനും കഴിഞ്ഞില്ല.

പാർലമെന്‍റ് അംഗങ്ങളുടെ അഭിപ്രായവും പുതിയ കോൺഗ്രസ് നേതൃത്വത്തിന്‍റെ താല്‍പ്പര്യവും സംരക്ഷിക്കുന്നതിനൊപ്പം മുതിർന്ന നേതാക്കളുടെ നിർദേശം പരിഗണിച്ചുമാണ് പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചിരിക്കുന്നത്. ഇത്തവണ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും നിശ്ചയിച്ച മാതൃകയിൽ 'മാറ്റം' എന്ന മുദ്രാവാക്യം പൂർണമായും പ്രതിഫലിപ്പിക്കാൻ പുതിയ പട്ടികയ്ക്ക് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് സമ്മർദത്തിന് വഴങ്ങില്ലെന്ന് ആവർത്തിച്ചു കോൺഗ്രസ് നേതൃത്വം പറഞ്ഞെങ്കിലും അവരുടെ തലയ്ക്കു മീതെ കൂടി സ്വന്തം അനുയായികളെ താക്കോൽ സ്ഥാനത്ത് എത്തിക്കാൻ ഉമ്മൻ‌ചാണ്ടിക്ക് കഴിഞ്ഞു. ഹരിപ്പാട് നിയമസഭാ സിറ്റിംഗ് സീറ്റ് ഒഴിഞ്ഞു കൊടുത്ത ബാബു പ്രസാദിന് ആലപ്പുഴ ഡിസിസി അധ്യക്ഷ പദം നേടിക്കൊടുക്കാൻ കഴിഞ്ഞത് രമേശ്‌ ചെന്നിത്തലക്ക് രാഷ്ട്രീയമായ ഒരു കടംവീട്ടലും ഒപ്പം പിടിച്ചുനിൽപ്പുമായി.

സമുദായ സന്തുലനം പാലിക്കാൻ ശ്രമിച്ചപ്പോൾ വനിതാ, ദലിത് പ്രതിനിധ്യം പൂജ്യമായി. മുഹമ്മദ്‌ ഷിയാസ് എന്ന ഒറ്റപ്പേരിലേക്ക് വി ഡി സതീശൻ ഒതുങ്ങിയപ്പോൾ പി കെ ഫൈസൽ, എൻ തങ്കപ്പൻ, എൻ ഡി അപ്പച്ചൻ എന്നിവർ കെ സി വേണുഗോപാലിന്‍റെ പട്ടികയിൽ നിന്നും ഇടം നേടി. കേരള രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ പിടിമുറുക്കുമ്പോൾ തന്നെ ആലപ്പുഴയിൽ സ്വന്തം വിശ്വസ്തനെ അദ്ദേഹത്തിന് പടിക്കുപുറത്ത് നിർത്തേണ്ടിവന്നു. ആർക്കും ആരെയും പൂർണമായും വെട്ടിനിരത്താൻ കഴിഞ്ഞില്ല. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News