മാതൃത്വവും കരിയറും ഒരുമിച്ചു കൊണ്ടുപോകുന്ന ബുദ്ധിമുട്ട് സ്ത്രീകള്‍ക്കേ അറിയൂ: ഹൈക്കോടതി

കൊല്ലം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിലെ കരാര്‍ ജിവനക്കാരിയായ കൗൺസിലറെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് കോടതി പരാമര്‍ശം നടത്തിയത്

Update: 2021-08-07 11:36 GMT
Editor : ijas
Advertising

അമ്മയുടെ റോളും സ്വന്തം ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സ്ത്രീക്ക് മാത്രമേ അതിന്‍റെ ബുദ്ധിമുട്ടുകള്‍ അറിയൂവെന്ന് ഹൈക്കോടതി. കൊല്ലം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിലെ കരാര്‍ ജിവനക്കാരിയായ കൗൺസിലറെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് കോടതി പരാമര്‍ശം നടത്തിയത്. സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമെന്ന് വിലയിരുത്തിയ കോടതി പരാതിക്കാരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

വന്ദനയെന്ന യുവതിയാണ് തന്‍റെ അവസ്ഥ കോടതിയില്‍ അവതരിപ്പിച്ചത്. കുറച്ച് വര്‍ഷങ്ങളായി കരാര്‍ ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു വന്ദന. കരാര്‍ തീര്‍ന്നെങ്കിലും പുതുക്കി നല്‍കി. ഇതിനിടെ പ്രസവാവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അപേക്ഷ നല്‍കിയെങ്കിലും അംഗീകരിച്ചില്ല. പ്രസവത്തിന് ശേഷം ജോലിയില്‍ തുടര്‍ച്ചയായി പോകാനും സാധിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി ജോലിക്ക് ഹാജരായില്ലെന്ന കാരണത്താല്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചു. തനിക്ക് ജോലി അത്യാവശ്യമാണെന്നും കുഞ്ഞിനെ വളര്‍ത്തണമെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മാതൃത്വത്തിന്‍റെ മഹത്വത്തോടൊപ്പം സ്ത്രീയുടെ അന്തസിനെയും ഉയര്‍ത്തുന്ന രീതിയിലുള്ള നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീകള്‍. വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളുടെ ആത്മവിശ്വാസവും ധാർമ്മികതയും തകർക്കുന്നതാണ് ഇത്തരം നടപടിയെന്നും കോടതി വിലയിരുത്തി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News