ശിവാനി നീട്ടിവിളിച്ചു 'ഉമ്മഞ്ചാണ്ടീ..'; അമലിന് വീടായി, 'നന്മ'യിലേക്ക് ഉമ്മൻചാണ്ടിയുമെത്തി
ഏതൊരു കൊച്ചുകുഞ്ഞും പേരെടുത്ത് വിളിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടി. അങ്ങനെയൊരു വിളിയാണ് 'നന്മ' എന്ന വീടിന് പിന്നിൽ
കോഴിക്കോട് കുണ്ടൂപ്പറമ്പിൽ ഉമ്മൻചാണ്ടിയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു വീടുണ്ട്. അമൽ കൃഷ്ണ എന്ന നാലാം ക്ലാസുകാരന്റെ വീട് എന്ന സ്വപ്നം യാഥാർഥ്യമായത് ഉമ്മൻചാണ്ടിയിലൂടെയാണ്. അമലിന്റെ കൂട്ടുകാരി ശിവാനിയുടെ 'ഉമ്മഞ്ചാണ്ടീ..' എന്ന വിളി കേട്ട് നടത്തിയ ഇടപെടലാണ് ആ സ്വപ്നം യാഥാർഥ്യമാക്കിയത്.
ഉമ്മൻചാണ്ടിയുടെ മനസിലെ നന്മയിൽ നിന്നുണ്ടായ വീടിന് നന്മ എന്ന് തന്നെയാണ് പേരിട്ടത്. ഏതൊരു കൊച്ചുകുഞ്ഞും പേരെടുത്ത് വിളിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടി. അങ്ങനെയൊരു വിളിയാണ് 'നന്മ' എന്ന വീടിന് പിന്നിൽ. 2016 മാർച്ചിലായിരുന്നു കോഴിക്കോട്ടെ ഒരു പൊതുചടങ്ങിനിടെ ശിവാനി എന്ന വിദ്യാർത്ഥിനി മുഖ്യമന്ത്രിയെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഉറക്കെ പേരെടുത്ത് വിളിച്ചത്.
വിളികേട്ട് തിരിഞ്ഞുനിന്ന അദ്ദേഹത്തോട് തന്റെ കൂട്ടുകാരൻ അമലിന്റെ വീടില്ലെന്നും അവനൊരു വീട് കൊടുക്കാമോ എന്നുമായിരുന്നു ചോദ്യം. അമലിന്റെ അച്ഛന് അസുഖമാണെന്ന കാര്യം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ വിഷ്ണുവും ഓർമിപ്പിച്ചു. തുടർന്ന് കുട്ടികളുടെ ടീച്ചറെ വിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ഉമ്മൻചാണ്ടി അമലിന് വീട് പണിയാൻ മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് പിന്നീട് അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കിലും തൊട്ടടുത്ത വർഷം അമലിന് വീടായി. ഈ വീടിന്റെ ഗൃഹപ്രവേശനത്തിന് ശിവാനിയുടെ ഉമ്മഞ്ചാണ്ടിയും എത്തിയിരുന്നു.