പുതുപ്പള്ളിയും ഉമ്മൻചാണ്ടിയും 12 ജയങ്ങളും
1970 സെപ്‌തംബർ 17നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി ജനവിധി തേടിയത്.
കോട്ടയം: പുതുപ്പള്ളി ഉമ്മൻചാണ്ടിക്ക് പിറന്നുവീണ മണ്ണ് മാത്രമല്ല, കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി എന്ന നേതാവിനെ അടയാളപ്പെടുത്തിയ ഇടം കൂടിയാണ്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കുത്തകയായിരുന്ന പുതുപ്പള്ളി മണ്ഡലം 12 വട്ടമാണ് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനുവേണ്ടി ചൂണ്ടുവിരലിൽ മഷി പടർത്തിയത്.
1970 സെപ്‌തംബർ 17നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉമ്മൻചാണ്ടിയെന്ന യുവനേതാവ് പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി ജനവിധി തേടിയത്. സിറ്റിങ് എംഎൽഎ ഇ.എം.ജോർജായിരുന്നു എതിരാളി. തെങ്ങ് ചിഹ്നമാക്കി മത്സരിച്ച ഉമ്മൻചാണ്ടി 7,288വോട്ടുകളുടെ അട്ടിമറി വിജയം നേടി കുതിപ്പ് തുടങ്ങി. ഉമ്മൻചാണ്ടിക്കൊപ്പം എ.കെ ആൻ്റണി, എൻ.രാമകൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ, എ.സി ഷൺമുഖദാസ് തുടങ്ങി മുപ്പതിൽ താഴെ പ്രായമുള്ള അഞ്ച് യൂത്ത്കോണ്‍ഗ്രസുകാരായിരുന്നു അന്ന് നിയമസഭാ സാമാജികരുടെ വേഷമണിഞ്ഞത്.
1975 സെപ്‌തംബറിൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് അടിയന്തരാവസ്ഥ കാരണം 1977 മാർച്ച് 19നായിരുന്നു നടന്നത്. രണ്ടാം മത്സരത്തിൽ പുതുപ്പള്ളിയിൽ നിന്ന് 15,910വോട്ടുകൾക്ക് ജനതാ പാർട്ടിയിലെ പി.സി.ചെറിയാനെ ഉമ്മൻചാണ്ടി തോൽപ്പിച്ചു. യുഡിഎഫ് 111 സീറ്റ് നേടി സർവകാല റെക്കോർഡ് നേടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. അങ്ങനെ മുപ്പത്തിമൂന്നാം വയസിൽ കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻചാണ്ടി തൊഴിൽ മന്ത്രിയായി അധികാരമേറ്റു.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മൂന്നാമങ്കം 1980ലായിരുന്നു. കോൺഗ്രസിൽ അഖിലേന്ത്യാ പിളർപ്പ് സംഭവിച്ച അക്കാലത്ത് ദേവരാജ് അരശ് അദ്ധ്യക്ഷനായ കോൺഗ്രസ്- യു ഉൾപ്പെട്ട ഇടതുമുന്നണിയിൽ നിന്നാണ് ഉമ്മൻചാണ്ടി ജനവിധി തേടിയത്. എതിരാളി എൻഡിപിയിലെ എംആർജി പണിക്കരും. 13,659വോട്ടുകൾക്ക് ഉമ്മൻചാണ്ടി അന്ന് ജയിച്ചുകയറി. 16 മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ് യു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കോണ്‍ഗ്രസ് എയുടെ പാർലമെന്‍ററി പാർട്ടി നേതാവായി ഉമ്മൻചാണ്ടി നിയോഗിക്കപ്പെട്ടു. 1981ൽ കോണ്‍ഗ്രസ് എ ഉള്‍പ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ. കരുണാകരൻ നേതൃത്വത്തിൽ രൂപീകരിച്ച മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.
1982ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന തോമസ് രാജനായിരുന്നു പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ എതിരാളി. അത്തവണ 15,983 വോട്ടിന് ഉമ്മൻചാണ്ടി ജയിച്ചു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഉമ്മൻചാണ്ടിയുടെ അഞ്ചാം ജയം. സിപിഎം സ്ഥാനാർഥിയായിരുന്ന വി.എൻ.വാസവനെയായിരുന്നു 9,164 വോട്ടുകൾക്ക് ഉമ്മൻചാണ്ടി തോൽപ്പിച്ചത്.
1991ൽ വീണ്ടും വി.എൻ.വാസവനെ ഉമ്മൻചാണ്ടി പരാജയപ്പെടുത്തി. അത്തവണ 13,811വോട്ടുകൾക്കായിരുന്നു പുതുപ്പള്ളി ഉമ്മൻചാണ്ടിയെ അജയ്യനായി നിലനിർത്തിയത്. 1991 ജൂൺ 24ന് കെ കരുണാകരൻ നാലാം തവണ മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻചാണ്ടി ധനമന്ത്രിയായും ചുമതലയേറ്റു.
1996ൽ സിപിഎമ്മിലെ റെജി സക്കറിയയെയായിരുന്നു ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്. 10,155 വോട്ടുകൾക്കായിരുന്നു ജയം. 2001ൽ കോൺഗ്രസുമായി പിണങ്ങിയ ഉറ്റ സുഹൃത്ത് ചെറിയാൻ ഫിലിപ്പ് സിപിഎം സ്വതന്ത്രനായി അങ്കത്തിനിറങ്ങിയപ്പോൾ ഉമ്മൻചാണ്ടിക്കത് വെല്ലുവിളിയായി. എന്നാൽ പുതുപ്പള്ളി കുഞ്ഞൂഞ്ഞിനെ വീണ്ടും ചേർത്തുപിടിച്ചു. 12,575 വോട്ടുകൾക്കായിരുന്നു ഉമ്മൻചാണ്ടിയുടെ വിജയം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ കെ ആന്‍റണി രാജിവെച്ചതോടെ 2004 ആഗസ്റ്റ് 31ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
2006ൽ എസ്എഫ്ഐയുടെ സംസ്ഥാന നേതാവായിരുന്ന സിന്ധു ജോയിയായിരുന്നു ഉമ്മൻചാണ്ടിക്ക് എതിരാളി. 19,863വോട്ടുകളുടെ മികച്ച ഭൂരിപക്ഷവുമായാണ് അത്തവണ ഉമ്മൻചാണ്ടി നിയമസഭയിലെത്തിയത്. 2011ൽ 72 സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ സിപിഎമ്മിലെ സുജ സൂസൻ ജോർജിനെ തോൽപ്പിച്ചാണ് ഉമ്മൻചാണ്ടി രണ്ടാമതും മുഖ്യമന്ത്രിയായത്.
2016ൽ പുതുപ്പള്ളിക്കാരനായ എസ്എഫ്ഐ നേതാവ് ജെയ്ക്ക്.സി.തോമസായിരുന്നു ഉമ്മൻചാണ്ടിക്ക് എതിരാളി. 27092 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി ജെയ്ക്കിനെ പരാജയപ്പെടുത്തിയത്. 2021ൽ ഉമ്മൻചാണ്ടിയെ നേരിടാൻ സിപിഎം വീണ്ടും ജെയ്ക്ക്.സി.തോമസിനെ രംഗത്തിറക്കി. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറക്കാൻ സിപിഎമ്മിനായി. 9,044 വോട്ടുകൾക്കായിരുന്നു ഉമ്മൻചാണ്ടിയുടെ ജയം.