ഓപ്പറേഷൻ പി ഹണ്ട് ; കൊല്ലം റൂറലിൽ വ്യാപക നടപടി
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാനാണ് ഓപ്പറേഷൻ പി ഹണ്ട്
കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കൊല്ലം റൂറലിൽ വ്യാപക നടപടി. സംസ്ഥാന വ്യാപകമായി നടന്ന പി-ഹണ്ട് റെയ്ഡിന്‍റെ ഭാഗമായാണ് നടപടി. 17 സ്ഥലങ്ങളിൽ നിന്നും 15 മൊബൈൽ ഫോണുകളാണ് റെയ്ഡിൽ കസ്റ്റഡിയിലെടുത്തത്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാനാണ് ഓപ്പറേഷൻ പി ഹണ്ട്. ഐ.പി അഡ്രസ്സ് പ്രത്യേകം സോഫ്റ്റ് വെയര്‍ വഴി ശേഖരിച്ച് ഇത്തരം ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആൾക്കാരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. കൊല്ലം റൂറൽ എസ് പി കെ.ബി രവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലയിരുന്നു കൊല്ലം റൂറലിൽ പരിശോധന.
കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചൽ, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പളളി, പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ റെയ്ഡിൽ 15 പേരിൽ നിന്നും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനക്ക് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. വിദ്യാർത്ഥികളുടെ ഉൾപ്പെടെ ഫോണുകളാണ് പിടിച്ചെടുത്തത്.