ബ്രൂവറിയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം; മന്ത്രിക്ക് മറുപടിയില്ലെന്ന് വി.ഡി സതീശന്‍, നിലപാട് കടുപ്പിച്ച് ചെന്നിത്തലയും

കടുത്ത ജലക്ഷാമം നേരിടുന്നതിനാല്‍ പദ്ധതി അനുവദിക്കില്ലെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയും നിലപാടെടുത്തിട്ടുണ്ട്

Update: 2025-01-18 09:31 GMT
Editor : Shaheer | By : Web Desk
Opposition attacks government on brewery controversy; VD Satheesan and Ramesh Chennithala toughen stance, Oasis Commercial Private Limited, Kanjikode brewery plant, Kanjikode, Palakkad
AddThis Website Tools
Advertising

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഡല്‍ഹി മദ്യനയ കേസില്‍ ഒയാസിസ് കമ്പനിക്ക് എതിരായ ആരോപണവും പഞ്ചാബില്‍ കമ്പനിക്കെതിരായ സമരവുമൊക്കെ പ്രതിപക്ഷം ആയുധമാക്കി. വി.ഡി സതീശന്‍- രമേശ് ചെന്നിത്തല പോരെന്ന എക്‌സൈസ് മന്ത്രിയുടെ പരിഹാസത്തിനും പ്രതിപക്ഷ നേതാവ് മറുപടിയുമായെത്തി. ജലക്ഷാമം നേരിടുന്നതിനാല്‍ പദ്ധതി പറ്റില്ലെന്ന നിലപാടിലാണ് എലപ്പുള്ളി പഞ്ചായത്ത്.

മന്ത്രി എം.ബി രാജേഷിന്റെ വാദങ്ങളെ മുഖവിലയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം തയാറായില്ല. ഒയാസിസ് കമ്പനിക്കെതിരായ ആരോപണത്തിന് മറുപടി നല്‍കാന്‍ ഇന്നും എക്‌സൈസ് മന്ത്രിയെ പ്രതിപക്ഷം വെല്ലുവിളിച്ചു. വി.ഡി സതീശന്‍-ചെന്നിത്തല പോര് എന്ന രാജേഷിന്റെ വിമര്‍ശനത്തിനും കടുത്ത ഭാഷയിലായിരുന്ന സതീശന്റെ മറുപടി. മന്ത്രിക്ക് വിഷയദാരിദ്ര്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗുരുതര ആരോപണത്തെ താനും രമേശ്‌ ചെന്നിത്തലയും തമ്മിലെ ഭിന്നതയെന്നു ചിത്രീകരിക്കുകയാണ്. രമേശ് ചെന്നിത്തലയുമായി ഒരു ഭിന്നതയുമില്ല. തർക്കം ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് ഇരുന്നു പരിഹരിച്ചോളാം. സർക്കാരിൻ്റെ മദ്യനയത്തിൽ ഒരുമിച്ച് വാർത്താസമ്മേളനം വിളിക്കാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്നു പറഞ്ഞ രമേശ് ചെന്നിത്തല അഴിമതി ആരോപണവും ആവര്‍ത്തിച്ചു. എക്സൈസ് സിപിഎമ്മിൻ്റെ കറവപ്പശുവാണ്. 1999ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കിയതാണ്. എന്നാല്‍, കഞ്ചിക്കോട്ട് ബോട്ട്ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ മന്ത്രിസഭ അംഗീകാരം നല്‍കി. കുത്തക കമ്പനിയ്ക്കാണ് അനുമതി നൽകിയത്. രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്. കേരളത്തിൻ്റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നുകൊടുത്തു. ടെൻഡർ പോലും വിളിക്കാതെ ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകി. കുടിക്കാൻ തുള്ളി വെള്ളമില്ലാത്ത സ്ഥലമാണ് കഞ്ചിക്കോട്. വലിയ സമരം ചെയ്തു കൊക്കോള കമ്പനി പൂട്ടിച്ചവരാണ് അവിടത്തുകാര്‍. എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണെന്നും പദ്ധതിക്ക് അനുമതി നൽകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കമ്പനി വരാന്‍ അനുവദിക്കില്ലെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയും നിലപാടെടുത്തിട്ടുണ്ട്. വിഷയം നിയമസഭയിലും ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Summary: Opposition attacks government on brewery controversy; VD Satheesan and Ramesh Chennithala toughen stance

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News