സ്വപ്ന പറഞ്ഞത് അതേപടി വിഴുങ്ങുന്നില്ല, അവരിപ്പോഴും പലതും ഒളിക്കുന്നുണ്ട്: വി.ഡി സതീശൻ

അവരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത് ഒന്നാം പിണറായി സർക്കാരിന്റെ ദുർഗന്ധമാണെന്നും പ്രതിപക്ഷ നേതാവ് മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു

Update: 2022-02-06 15:35 GMT
Advertising

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പറയുന്നത് അതേപടി വിഴുങ്ങുന്നില്ലെന്നും അവരിപ്പോഴും പലതും ഒളിച്ചുവെച്ചാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശിവശങ്കർ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ അവഹേളിച്ചതിനെതിരെ മാത്രമാണ് അവരുടെ പ്രതികരണമുണ്ടായിട്ടുള്ളത്. അവരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത് ഒന്നാം പിണറായി സർക്കാരിന്റെ ദുർഗന്ധമാണെന്നും പ്രതിപക്ഷ നേതാവ് മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു. സ്വർണ കടത്തുമായി ബന്ധപ്പെട്ട എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നും എന്നിട്ടും ശിവശങ്കറിനെ സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌ന ഇപ്പോൾ വെളിപ്പെടുത്തിയതിൽ എന്താണ് അവിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കോവിഡ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതുമൂലമാണ് വിതരണം കുറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് എഡിറ്റോറിയൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുള്ളവർ പോലും അമ്പതിനായിരം രൂപ നഷ്ടപരിഹാരം ഉണ്ടെങ്കിൽ അപേക്ഷിക്കാതിരിക്കില്ല. സർക്കാരിന്റെ വീഴ്ചയാണിതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

നാലുലക്ഷം ദരിദ്രകുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം നേരിട്ട് പണം നൽകാൻ സംസ്ഥാനബജറ്റിൽ നിർദേശം വേണമെന്ന്് വി.ഡി.സതീശൻ നിർദേശിച്ചു. കോവിഡ് കാലത്ത് പാവപ്പെട്ടവർ നേരിടുന്ന പ്രതിസന്ധിക്ക് ഇത് താങ്ങാകുമെന്നും ഈ പണം കമ്പോളത്തിൽ തിരിച്ചെത്തുന്നത് സമ്പദ് വ്യവസ്ഥയെ ഊർജിതമാക്കുമെന്നും സതീശൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ നേതാക്കളുമായും നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റെന്നും സതീശൻ പറഞ്ഞു.

Full View

Full View

സ്വപ്‌ന സുരേഷ് പറഞ്ഞത്?

വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന മീഡിയവണിനോട് പറഞ്ഞിരുന്നു. തനിക്ക് ചതിക്കണമെങ്കിൽ ഞാൻ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു. പറയുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണമായിരുന്നു. തന്നെ മാത്രം ബലിയാടാക്കാൻ ഫോക്കസ് ചെയ്ത് എഴുതി. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്‍റെ സംഭാവനകൾക്ക് സമ്മാനമായിട്ടാണ് കോൺസുൽ ജനറൽ ഫോൺ നൽകിയത്. മൂന്ന് പിറന്നാളുകൾ തങ്ങൾ ഒന്നിച്ച് ആഘോഷിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

കുടുംബാംഗത്തെപ്പോലെ ആയിരുന്നു ശിവശങ്കര്‍. അദ്ദേഹത്തിനെതിരെ താന്‍ ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഏജൻസിയാണ് അദ്ദേഹത്തിനെതിരെ തെളിവുകൾ കണ്ടെത്തിയത്. വിആർഎസ് എടുത്തശേഷം ദുബൈയിൽ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ജോലിയില്ലാതെ വീട്ടിലിരുന്നപ്പോൾ ശിവശങ്കർ സഹായിച്ചിട്ടുണ്ട്. കോൺസുല്‍ ജനറലും ശിവശങ്കറുമായി വളരെ അടുത്ത ബന്ധമുണ്ട്. അറസ്റ്റിലാവുന്നതിന് മുന്‍പ് മൂന്ന് പേർ പറയുന്നത് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തത്. ശിവശങ്കര്‍ തന്നെയാണ് ചതിച്ചതെന്നും സ്വപ്ന ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് എഴുതിയതെങ്കിൽ ശിവശങ്കര്‍ എല്ലാം എഴുതണമായിരുന്നു. ലോകത്തെ ഏറ്റവും വൃത്തികെട്ട സ്ത്രീ ആയി എന്നെ ആളുകൾ കണ്ടു. ജീവിക്കാൻ നിവൃത്തിയില്ല. ശിവശങ്കറിനെ ചെളി വാരി എറിയലല്ല തന്‍റെ ലക്ഷ്യം. ശിവശങ്കറിനെ ഒരു കുടുംബ സുഹൃത്തോ രക്ഷകർത്താവോ ഒക്കെ ആയാണ് കണ്ടിട്ടുള്ളത്. ചതിച്ചു എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തിനും ഒപ്പത്തിനൊപ്പം ഉണ്ടായേനെ. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെയൊന്നും ഉണ്ടാകില്ല. ഞാനും സുഹൃത്തുക്കളും ശിവശങ്കറിന്‍റെയും സുഹൃത്തുക്കൾ ആയിരുന്നു. സ്പേസ് പാർക്ക് കേരള സർക്കാരിന്‍റെ ഭാഗമാണ്, യു.എ.ഇ കോൺസുലേറ്റിന്‍റേതല്ല. ശിവശങ്കർ ഒരു ജോലി തന്ന് സഹായിക്കുകയായിരുന്നു. കോൺസുലേറ്റിലെ പ്രശ്നങ്ങൾ സൂചിപ്പിച്ചപ്പോൾ രാജി വയ്ക്കാൻ ശിവശങ്കർ പറഞ്ഞു. പകരം എന്തെന്ന കാര്യം നോക്കാമെന്നും ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി.

മൂന്ന് പേരുടെ നിർദേശത്തിലാണ് താന്‍ കീഴടങ്ങിയത്. കസ്റ്റംസ് വിളിച്ചപ്പോൾ പോകേണ്ട എന്നാണ് ശിവശങ്കർ പറഞ്ഞത്. കസ്റ്റംസ് നിയമപരമായി നീങ്ങട്ടെ, മുൻകൂർ ജാമ്യമെടുക്കാം എന്ന് പറഞ്ഞു. ആത്മാർഥതയുണ്ടെന്ന് കരുതിയ ഒരാളിൽ നിന്ന് ഇപ്പോൾ ഇങ്ങനെ പ്രതീക്ഷിച്ചില്ല. നിരപരാധി എന്ന് തെളിയിക്കാൻ ഇങ്ങനെ ശ്രമിക്കേണ്ടിയിരുന്നില്ല.അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞുവെന്നും സ്വപ്ന പറഞ്ഞു.

തനിക്കറിയാവുന്ന ശിവശങ്കറിനെയല്ല എൻഐ.എയ്ക്കു മുന്നിൽ കണ്ടതെന്ന് സ്വപ്‌ന സുരേഷ് മീഡിയവണിനോട് പറഞ്ഞിരുന്നു. ശിവശങ്കറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്വപ്‌ന സുരേഷ്.ശിവശങ്കറിന് തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ രണ്ട് മുഖമുള്ള ആളെന്ന് തോന്നി, കോൺസുൽ ജനറൽ ശിവശങ്കറിന് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്, ശിവശങ്കർ തിരിച്ചും സഹായിച്ചിട്ടുണ്ട്, എല്ലാ കാര്യങ്ങളും ശിവശങ്കറിനോട് സംസാരിക്കാറുണ്ടായിരുന്നു, സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജനങ്ങൾക്ക് തന്നെ കുറിച്ചുള്ള ധാരണ മാറ്റാനല്ല മാധ്യമങ്ങളെ കണ്ടതെന്നും ശിവശങ്കറിന്റെ പുസ്തകത്തിന് മറുപടി നൽകാൻ വേണ്ടി മാത്രമാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയതെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. ഐ ഫോൺ വാങ്ങി ചതിക്കപ്പെട്ടു എന്ന് പറഞ്ഞാൽ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോയെന്നും സ്വപ്ന ചോദിച്ചു. സർക്കാരിനെ കുറിച്ച് സംസാരിക്കാൻ താൻ മാധ്യമങ്ങളെ കണ്ടിട്ടില്ല, തന്നെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു, ഈ പുസ്തകം ഇറങ്ങിയതോടെ അതും ഇല്ലാതായി, നിയന്ത്രണങ്ങൾക്ക് നടുവിൽ ജീവിക്കുന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്‌ന മീഡിയവണിനോട് പറഞ്ഞു.

തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുണ്ടായത്. ശിവശങ്കർ തനിക്ക് കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും സ്വപ്ന പറയുന്നു. 'സ്വപ്ന സുരേഷ് അല്ല ലൈഫ് മിഷൻ പദ്ധതി ചെയ്യുന്നത്. കേരളത്തിലെ യുഎഇ കോൺസുൽ ജനറൽ ശിവശങ്കറുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്നു. അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെ കുറിച്ച് അറിയാമായിരിക്കില്ല. ഞങ്ങളുടെ പോയിന്റ് ഓഫ് കോൺടാക്ട് ശിവശങ്കർ ആയിരുന്നു. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അവർ പറഞ്ഞു തരേണ്ടതായിരുന്നു. ഒരു ഐ ഫോൺ കൊടുത്ത് ലൈഫ് മിഷൻ പ്രോജക്ടിനെ ചതിക്കേണ്ട ആവശ്യം സ്വപ്ന സുരേഷിനില്ല.' - സ്വപ്ന കൂട്ടിച്ചേർത്തു.

Opposition leader VD Satheesan has said that Swapna Suresh, the accused in the gold smuggling case, is not being swallowed like that and that they are still talking in secret.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News