പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കുകയും നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു

Update: 2022-02-24 05:38 GMT
Advertising

അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു.

അടിയന്തരപ്രമേയത്തിന് അനുമതി നൽകാനുള്ള സാഹചര്യമില്ലെന്ന സ്പീക്കരുടെ നിലപാടിൽ  പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കുകയും തുടർന്ന് നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.

നടുത്തളത്തിലറങ്ങിയാൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകില്ലെന്നും പ്രതിപക്ഷം സീറ്റിൽ ഇരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം തിരികെ സീറ്റിൽ ഇരുന്നു. പുതിയ കീഴ് വഴക്കം സൃഷ്ടിക്കരുത്. ചെയറുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാതിരുന്നത് ശരിയല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

ആദ്യമായിട്ടാണ് സഭയിൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാതിരിക്കുന്നത്. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണിത്. മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഞങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ നോക്കുന്നു എന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

'സോളാർ, ബാർ കേസുകളിൽ അനുമതി നൽകിയിട്ടുണ്ട്. വിഷയത്തെ പൈങ്കിളിവത്കരിക്കാനല്ല പ്രതിപക്ഷ ശ്രമം. സ്വർണക്കടത്ത് കേസ് ചർച്ച ചെയ്യാൻ അനുമതി നൽകണം. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയം. ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്'-സതീശൻ പറഞ്ഞു.

തുടർന്ന് മുഖ്യമന്ത്രി സബ് മിഷന് മറുപടി നൽകുന്ന സമയത്തും പ്രതിപക്ഷം സ്പീക്കറിന്റെ മുന്നിൽ മുദ്രാവാക്യം വിളിച്ചു. സ്പീക്കർക്ക് പിണറായിയെ പേടിയാണെന്നും പറഞ്ഞാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. പ്രതിപക്ഷം ബാനർ ഉയർത്തി പ്രതിഷേധിച്ചു. ബാനർ മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ സീറ്റിൽ നിന്ന് എഴുന്നേറ്റ് സഭ നിയന്ത്രിക്കാൻ ശ്രമിച്ചു.

 ചെയറിനെ മറക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് ഭരണപക്ഷവും പ്രതിഷേധമറിയിച്ച് നടുത്തളത്തിനരികിലെത്തിയതോടെ സ്പീക്കർ സഭ നിർത്തി വെച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News