അവയവ കച്ചവടം; പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചു
സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കച്ചവടത്തിനായി ഇറാനിലെത്തിച്ചു
എറണാകുളം: അവയവ കച്ചവടത്തിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് സാബിത്ത് പറഞ്ഞു. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ അവയവം നൽകുന്നതിനായി ഇറാനിലെത്തിച്ചു. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട്.
ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് അവയവകൈമാറ്റത്തിനായി കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ അവയവം നൽകുന്നതിനായി ഇറാനിലെത്തിച്ചു. ഇയാളെ തേടി അന്വേഷണസംഘം പാലക്കാടെത്തിയപ്പോൾ പാസ്‌പോർട്ടുമായി ഇയാൾ ഒരു വർഷം മുമ്പ് നാട് വിട്ടെന്ന് നാട്ടുകാരിൽ നിന്ന് വിവരം കിട്ടി. ഷമീർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മൊഴി ലഭിച്ചു.
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നതിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടർന്ന് ഐ.ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനിൽ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ നിർണായക മൊഴികൾ ലഭിച്ചത്.