ഏജൻസി പിന്മാറി; കൊച്ചിയിൽ ജൈവമാലിന്യ ശേഖരണം പ്രതിസന്ധിയിൽ
മറ്റ് ഏജൻസികൾക്ക് വേണ്ട വിധം, മാലിന്യം ശേഖരിക്കാൻ കഴിയാത്തത് മൂലം ബ്രഫ്മപുരത്തേക്കാണ് ഇന്നലെ മാലിന്യം കൊണ്ട് പോയത്
കൊച്ചി: കൊച്ചി കോർപറേഷൻ പരിധിയിലെ ജൈവമാലിന്യ ശേഖരണം പ്രതിസന്ധിയിൽ. മാലിന്യം ശേഖരിക്കാൻ കരാർ ഉണ്ടായിരുന്ന ഏജൻസികളിൽ ഒന്ന്, പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. മറ്റ് ഏജൻസികൾക്ക് വേണ്ട വിധം, മാലിന്യം ശേഖരിക്കാൻ കഴിയാത്തത് മൂലം ബ്രഫ്മപുരത്തേക്കാണ് ഇന്നലെ മാലിന്യം കൊണ്ട് പോയത്.
പശ്ചിമ കൊച്ചി ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്ന് അമ്പത് ടൺ മാലിന്യം വീതം ശേഖരിക്കാൻ മൂന്ന് കമ്പനികളുമായിട്ടായിരുന്നു കരാർ. അഗ്സോ അഗ്രോ സോൾജിയർ, ടെക്ഫാം ഇന്ത്യ, കീർത്തി പിറ്റ് കംപോസ്റ്റിങ് ആൻഡ് പിഗ്ഫാം എന്നിവയായിരുന്നു കമ്പനികൾ. ഇതിൽ ഒരു കമ്പനി ആദ്യ ദിനം തന്നെ മാലിന്യം ശേഖരിക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് കൊച്ചിയിലെ ജൈവമാലിന്യ ശേഖരണം പാളിയത്.
കരാർ പ്രകാരം മാലിന്യം ശേഖരിക്കാൻ രണ്ട് കമ്പനികൾ ബാക്കി ഉണ്ടങ്കിലും ആദ്യ ദിനം മാലിന്യവുമായി ലോറികൾ ബ്രഹ്മപുരത്തേക്കാണ് എത്തിയത്. കൊച്ചി നഗരത്തിലെ വീടുകളിൽ നിന്ന് അടക്കം മാലിന്യം ശേഖരിച്ച് സംസ്കരിക്കുമെന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്.മാലിന്യം സംസ്കരിക്കുന്നത് ശുചിത്വ മിഷൻ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ മാലിന്യം കമ്പനികൾ എങ്ങോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് കൃത്യമായ വിവരം നൽകണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേയർ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ല.