സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് രഹസ്യ ഭാഗത്ത് അടിച്ചു; മോഷണക്കുറ്റം ആരോപിച്ച് 15കാരന് വൈദികന്‍റെ ക്രൂര മർദ്ദനം
കുട്ടിയുടെ പരാതിയിൽ ഒല്ലൂർ പൊലീസ് ബാലനീതി വകുപ്പ് ചുമത്തി കേസെടുത്തു
തൃശൂര്‍: മോഷണക്കുറ്റം ആരോപിച്ച് പതിനഞ്ചുകാരന് അനാഥാലയ നടത്തിപ്പുകാരനായ വൈദികന്‍റെ ക്രൂര മർദ്ദനം. തൃശൂർ ചെന്നായ്പാറ ദിവ്യഹൃദയ ആശ്രമത്തിലെ ഫാദർ സുശീലാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ പരാതിയിൽ ഒല്ലൂർ പൊലീസ് ബാലനീതി വകുപ്പ് ചുമത്തി കേസെടുത്തു.
പീച്ചി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കഴിഞ്ഞ ദിവസം രാത്രിയാണ് മർദിച്ചവശനാക്കിയത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് രഹസ്യ ഭാഗത്ത് അടിച്ചുവെന്ന് കുട്ടി പറയുന്നു. സ്കൂൾ ബസ്സിലെ ആയയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഫാദർ സുശീലിന്‍റെ മർദ്ദനം. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ അനാഥാലയത്തിന് പുറത്തേക്ക് ഓടിയ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. വിവരം തിരക്കിയ വീട്ടുകാർ പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈക്കും കാലിനും മർദ്ദനമേറ്റ പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂർ പൊലീസ് സുശീലിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ കേസെടുക്കുന്നത് പൊലീസ് മനഃപൂർവ്വം വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. മാതാപിതാക്കൾ മരിച്ചതോടെ 2018 മുതൽ പീച്ചിയിലെ ദിവ്യ ഹൃദയ അനാഥാലയത്തിലാണ് വിദ്യാർഥി താമസിക്കുന്നത് .