ഭീഷണക്കത്തിന് പിന്നില്‍ യുഡിഎഫിലെ ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വം; അന്വേഷണം വേണമെന്ന് പി ജയരാജന്‍

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ജയരാജന്‍റെ കുറിപ്പ്

Update: 2021-07-21 13:33 GMT
Advertising

വടകര എംഎൽഎ കെ കെ രമക്ക് ലഭിച്ച ഭീഷണിക്കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് പി ജയരാജൻ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ജയരാജന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. 

"വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്‍റ് വന്നപ്പോൾ കോൺഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്‍റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിലനിർത്താൻ നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം. അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ല"- എന്നാണ് പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

അഭിനന്ദിനെ കൊല്ലുമെന്ന് ഭീഷണി

ടിപി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തിലുണ്ടായിരുന്നത്. മുഖം പൂങ്കുല പോലെ നടുറോഡില്‍ ചിന്നിചിതറുമെന്നാണ് കെ.കെ രമ എംഎല്‍എയുടെ ഓഫീസില്‍ ലഭിച്ച കത്തില്‍ പറയുന്നത്. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ 100 വെട്ട് വെട്ടി കൊലപ്പെടുത്തുമെന്ന ഭീഷണിയുമുണ്ട്. പി ജയരാജനും, എ.എന്‍ ഷംസീര്‍ എംഎല്‍എയുമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.

കെ.കെ രമക്കും കുടുംബത്തിനും ശക്തമായ സുരക്ഷ നല്‍കുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി ഡോ. എ ശ്രീനിവാസ് അറിയിച്ചു. എന്‍ വേണുവിനും ആര്‍എംപി ഓഫീസിനും സംരക്ഷണം നല്‍കും. വടകര സിഐക്കാണ് അന്വേഷണ ചുമതല. അതേസമയം പിണറായിയുടെ പൊലീസിന്റെ സംരക്ഷണം വേണ്ടെന്ന് കെ കെ രമ പറഞ്ഞു. ജനങ്ങളാണ് ബലമെന്നും ഭീഷണിയെ നേരിടാനുള്ള കെൽപ്പുണ്ടെന്നും കെ കെ രമ വ്യക്തമാക്കി.

വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന്...

Posted by P Jayarajan on Tuesday, July 20, 2021


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News