കളമശ്ശേരി സംഭവം തുറന്നുവിട്ടത് മുസ്‍ലിം വിരുദ്ധതയും ഇടത് വിരുദ്ധതയും ജീവശ്വാസമായിട്ടുള്ള വിഷ ഭൂതങ്ങളെ: പി.ജയരാജന്‍

വാർത്താ ചാനലുകൾക്ക് പ്രതിയായ മനുഷ്യൻ ഒരു അമുസ്‌ലിം ആണെന്ന് മനസിലായിട്ടും നിരാശ കലർന്ന നിലയിൽ അതങ്ങ് വിശ്വസിക്കാൻ ഒട്ടും താല്പര്യപ്പെട്ടിട്ടില്ല

Update: 2023-10-31 06:02 GMT
Editor : Jaisy Thomas | By : Web Desk

പി.ജയരാജന്‍

Advertising

കണ്ണൂര്‍: കളമശ്ശേരി സംഭവം മൂടി തുറന്ന് വിട്ടത് അവസരം കിട്ടിയാൽ കേരളത്തെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങുന്ന മുസ്‍ലിം വിരുദ്ധതയും ഇടത് വിരുദ്ധതയും ജീവ ശ്വാസമായിട്ടുള്ള വിഷ ഭൂതങ്ങളെയാണെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. കളമശ്ശേരി ബോംബ് സ്ഫോടന വിഷയവുമായി ബന്ധപ്പെടുത്തി വർഗ്ഗീയ നേട്ടം കൊയ്യാനാണ് സംഘപരിവാർ അവരുടെ ദേശീയ - സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമിച്ചതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ജയരാജന്‍റെ കുറിപ്പ്

കളമശ്ശേരി സംഭവം മൂടി തുറന്ന് വിട്ടത് അവസരം കിട്ടിയാൽ കേരളത്തെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങുന്ന മുസ്‍ലിം വിരുദ്ധതയും ഇടത് വിരുദ്ധതയും ജീവ ശ്വാസമായിട്ടുള്ള വിഷ ഭൂതങ്ങളെയാണ്. യഹോവ സാക്ഷികളുടെ ആരാധന സമ്മേളനത്തിൽ നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി എന്ന വാർത്ത വന്നയുടൻ തന്നെ ആ അപകടത്തെ കുറിച്ചോ, അതിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള അനുതാപമോ ഒന്നുമല്ല, പകരം അതൊരു മുസ്‍ലിം തീവ്രവാദ പ്രവർത്തനമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഏറ്റവും കൂടുതൽ ദൃശ്യമായാത്.

കെ. സുരേന്ദ്രനും, സന്ദീപ് വാര്യരും അടങ്ങുന്ന ലോക്കൽ ബിജെപി വിഷങ്ങൾക്കും അവരുടെ അണികൾക്കും മുസ്ലീം വിരുദ്ധതയും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതിൽ വിശേഷിച്ചു കാരണമൊന്നും ആവശ്യമില്ല. എന്നാൽ ക്യാബിനറ്റ് പദവി വഹിക്കുന്ന യൂണിയൻ മന്ത്രി രാജീവ്‌ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് കേരളത്തിലും കേരള സർക്കാരിനും ഈ സംസ്ഥാനത്തെ മുസ്‍ലിം സാമാന്യ ജനങ്ങൾക്കുതിരെ വിഷലിപ്തമായ പ്രചരണം അഴിച്ചു വിട്ടത്.

ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ കിരാത നടപടികൾക്കെതിരെ ലോകമാസകലം പ്രതിഷേധങ്ങളുയർന്നു വരികയാണ്. കേരളത്തിനകത്തും പുറത്തും സി.പി. എമ്മിന്റെ നേതൃത്വത്തിൽ വലിയ നിലയിൽ ഫലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കുകയാണ്. ഈ സംഭവത്തെ കളമശ്ശേരി ബോംബ് സ്ഫോടന വിഷയവുമായി ബന്ധപ്പെടുത്തി വർഗ്ഗീയ നേട്ടം കൊയ്യാനാണ് സംഘപരിവാർ അവരുടെ ദേശീയ - സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമിച്ചത്.

വാർത്താ ചാനലുകൾക്ക് പ്രതിയായ മനുഷ്യൻ ഒരു അമുസ്‌ലിം ആണെന്ന് മനസിലായിട്ടും നിരാശ കലർന്ന നിലയിൽ അതങ്ങ് വിശ്വസിക്കാൻ ഒട്ടും താല്പര്യപ്പെട്ടിട്ടില്ല. രാജീവ്‌ ചന്ദ്രശേഖരന്റെ സ്വന്തം ചാനലായ ഏഷ്യനെറ്റ് ന്യൂസ് മാത്രമല്ല, പുതുതായി രൂപം മാറി അവതരിച്ച ചാനലിന്റെ പ്രഖ്യാപിത സംഘപരിവാറുകാരിയായ മാധ്യമ പ്രവർത്തകകയ്ക്കും കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ എന്ന പ്രതിയുടെ കാര്യത്തിൽ ഒട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല. മറുനാടൻ മലയാളി, കർമ്മ ന്യൂസ് തുടങ്ങി കാലങ്ങളായി സമൂഹത്തിൽ മുസ്‍ലിം വിരുദ്ധതയും, മത സ്പർദ്ധയും നടത്തി വിഭജനം നടത്തുന്ന ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ അതിന്റെ ഏറ്റവും ഹീനമായ റിപ്പോർട്ടിങ് ആണ് ഇന്നലെ നടത്തിയത്.

അപകീർത്തി കേസിൽ നിയമ നടപടിക്ക് വിധേയമായ പ്രസ്തുത മാധ്യമങ്ങളെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പാർലിമെന്റ് അംഗവുമൊക്കെയായ കോൺഗ്രസ് നേതാക്കളുമൊക്കെ പിന്തുണ പ്രഖ്യാപിച്ചത് ഈ അവസരത്തിൽ മറന്നു കൂട. നിരന്തരം വിഷലിപ്തമായ ഈ പ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്ക് പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുത്തവർ ഇന്ന് കേരളത്തിലെ പൊതു സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകുമോ? യഹോവ സാക്ഷികൾ രാജ്യവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതിനാലാണ് താനീ കൃത്യം ചെയ്തത് എന്നാണ് പ്രതി ഡൊമിനിക് മാർട്ടിൻ പറഞ്ഞത്.

തീവ്ര വലത് സങ്കുചിത ദേശീയവാദികൾക്ക് മാത്രമേ അത്തരമൊരു കുറ്റ കൃത്യത്തിൽ ആ ഒരു കാരണത്തിന്മേൽ ഏർപ്പെടാൻ സാധിക്കുകയുള്ളൂ. പ്രതി മുസ്‍ലിം പേരുകാരനല്ലെന്ന് മനസിലായപ്പോൾ തീവ്രവാദ സ്വഭാവം ഇല്ലെന്ന് തീർപ്പ് കല്പിൽക്കുന്ന മാധ്യമങ്ങൾക്ക് പ്രതി പറഞ്ഞ ഈ കാരണം തീവ്രവാദപരമാണെന്ന് ഒട്ടും തോന്നുന്നില്ല എന്നതാണ് അത്ഭുതം. പ്രസ്തുത പ്രതിയുടെ രാഷ്ട്രീയവും മറ്റ് പശ്ചാത്തലങ്ങളും പരിശോധിക്കേണ്ടതില്ലേ? രാജ്യദ്രോഹ പ്രവർത്തനമെന്ന് വ്യാഖ്യാനിച്ച് ബോംബ് വച്ച് വിശ്വാസ സമൂഹത്തെ ഇല്ലാതാക്കാൻ നോക്കുന്നവരെ നയിക്കുന്ന ആശയം ചർച്ച ചെയ്യപ്പെടേണ്ടേ?

പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്വാഭാവിക നിയമ നടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപ്പോർട്ടർ വിധേയമായപ്പോൾ 'തെമ്മാടി ഭരണം' എന്ന് ചില്ല് കൂട്ടിൽ അലറിയ വിനു വി.ജോണിന്, കേരളത്തിനും ഈ നാട്ടിലെ മുസ്‍ലിം പൊതു സമൂഹത്തിനും നേരെ ഇത്രയും ഹീനമായ പച്ചക്കള്ളം പറഞ്ഞു പരത്തി യ സ്വന്തം മുതലാളിയായ രാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള ധൈര്യമുണ്ടോ?

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News