തത്കാലം സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രിക്ക്; പുതിയ മന്ത്രി വേണോ എന്നതിൽ തീരുമാനം പിന്നീട്

നിലവിലെ സാഹചര്യത്തിൽ കോടതി നടപടികൾ കൂടി കണക്കിലെടുത്തായിരിക്കും സജി ചെറിയാനെ തിരികെ കൊണ്ടുവരണോ അതോ പുതിയ മന്ത്രി വേണോ എന്നതിലുള്ള തീരുമാനം സിപിഎം എടുക്കൂ എന്നാണ് സൂചന.

Update: 2022-07-06 13:59 GMT
Editor : Nidhin | By : Web Desk
Advertising

തിരുവനന്തപുരം: ഭരണഘടനാനിന്ദാ പ്രസംഗത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന സജി ചെറിയാൻ പകരം തത്കാലം പുതിയ മന്ത്രി വരില്ല. സാംസ്‌കാരികം, സിനിമ, ഫിഷറീസ് എന്നിവയാണ് സജി ചെറിയാൻ വഹിച്ചിരുന്ന പ്രധാന വകുപ്പുകൾ. ഈ വകുപ്പുകളെല്ലാം തത്കാലം മുഖ്യമന്ത്രി വഹിക്കുമെന്നാണ് സൂചന. 

നിലവിലെ സാഹചര്യത്തിൽ കോടതി നടപടികൾ കൂടി കണക്കിലെടുത്തായിരിക്കും സജി ചെറിയാനെ തിരികെ കൊണ്ടുവരണോ അതോ പുതിയ മന്ത്രി വേണോ എന്നതിലുള്ള തീരുമാനം സിപിഎം എടുക്കൂ എന്നാണ് സൂചന.

രാജിവെക്കാൻ സിപിഎം നിർദേശം നൽകിയിതിന് പിന്നാലെയായിരുന്നു സജി ചെറിയാന്റെ രാജി. രാജി സ്വതന്ത്ര തീരുമാനമാണ്. ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കണമെന്നാണ് തന്റെ നിലപാട്. ഭരണഘടനാ വെല്ലുവിളികളെ പ്രതിരോധിക്കുന്ന പ്രസ്ഥാനമാണ് തന്റേതെന്നും രാജിക്കാര്യം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു.

സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും രാജിവെക്കില്ലെന്നാണ് സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നത്. എകെജി സെന്ററിൽ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. 'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- സജി ചെറിയാൻ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന- ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വാക്കുകൾ. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News