ലോകായുക്ത ഭേദഗതിയെ പിന്തുണച്ച് പി.രാജീവും എതിർത്ത് വി.ഡി സതീശനും; ദിനാചരണവേദിയിൽ വാക്‌പോര്
ലോകായുക്തയെ ഇല്ലാതാക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലോകായുക്ത ദിനാചരണ ചടങ്ങിൽ വാക്‌പോരുമായി നിയമമന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ലോകായുക്തയെ ഇല്ലാതാക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. അതിശക്തമായ അഴിമതി നിരോധന നിയമം വേണമെന്നും സതീശൻ പറഞ്ഞു.
അതേസമയം ലോകായുക്ത സംവിധാനത്തെ ശക്തിപ്പെടുത്താനാണ് പുതിയ ഭേദഗതിയെന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത് കൊണ്ടാണ് ആര്‍.എന്‍. രവിയെ മുഖ്യാതിഥിയായി ക്ഷണിച്ചതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും വ്യക്തമാക്കി.
എന്നാല്‍ ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത സംസ്ഥാന ഗവര്‍ണറെ പിന്തുണക്കുകയായിരുന്നു തമിഴ്നാട് ഗവര്‍ണർ ആര്‍.എന്‍. രവി. ഗവര്‍ണര്‍മാര്‍ റബർ സ്റ്റാമ്പുകളല്ല എന്നായിരുന്നു ആര്‍.എന്‍. രവിയുടെ പ്രതികരണം. ലോകായുക്ത പോലെയുള്ള സംവിധാനങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കമുണ്ടായാല്‍ ഗവര്‍ണര്‍ ഇടപെടണം. തിരുവനന്തപുരത്ത് ലോകായുക്ത ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.