ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ പെയിന്‍റിങ് തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് അന്വേഷണം ഊർജിതമാക്കി

കൊള്ളപലിശക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം

Update: 2021-11-20 03:25 GMT
Editor : ijas
Advertising

ഗുരുവായൂരിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പെയിന്‍റിങ് തൊഴിലാളി ആത്മഹത്യ ചെയ്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പണം പലിശക്ക് നൽകിയ സന്ധ്യയുടേയും അരുണിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രമേശൻ മരിക്കുന്നതിന് മുമ്പ് ഇവർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ പരാതി. ഫോൺരേഖകൾ പരിശോധിക്കുമെന്ന് ഗുരുവായൂർ സി.ഐ അറിയിച്ചു. കൊള്ളപലിശക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അയ്യായിരം രൂപ പലിശക്ക് എടുത്ത് പതിനായിരത്തി മുന്നൂറ് രൂപ രമേശ് തിരിച്ചടച്ചുവെന്നാണ് കുടുംബം പറയുന്നത്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ഈ മാസം 12നാണ് പെയിന്‍റിങ്ങ് തൊഴിലാളിയായ തൃശൂർ ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശ് ആത്മഹത്യ ചെയ്തത്. പ്രതിദിനം 300 രൂപ പലിശയ്ക്ക് 5000 രൂപയാണ് രമേശ് ബ്ലേഡ് മാഫിയയുടെ കയ്യില്‍ നിന്ന് കടമെടുത്തത്. 10,300 രൂപ തിരികെ നൽകിയെങ്കിലും രമേശിനെ പലിശക്കാർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.

രമേശിന്‍റെ ഭാര്യയെ പലിശക്കാർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് ആറാം തിയതിയാണ് രമേശ് പണം കടമെടുത്തത്. കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം കൊടുക്കാതായപ്പോൾ വാഹനം പിടിച്ചു വാങ്ങിയെന്നും പൊലീസിൽ പരാതി നൽകിയപ്പോൾ ഭീഷണി അധികരിച്ചുവെന്നും ഇതില്‍ മനം നൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്നും രമേശിന്‍റെ കുടുംബം പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News