തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു: പാലക്കാട് രാഹുലും സരിനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

എല്‍ഡിഎഫിനെയും - ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്.

Update: 2024-10-24 00:57 GMT
Editor : rishad | By : Web Desk
Advertising

പാലക്കാട്: മണ്ഡലത്തിൽ ഇന്ന് എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും. ഇതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോര് മുറുകും. അതിനിടെ അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചു.

മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സരിനും  യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ക്ഷേത്രങ്ങളിൽ നിന്നുമാണ് ഇന്ന് പ്രചാരണം ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി സരിൻ ആര്‍ഡിഒ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഉച്ചക്ക് 12 മണിക്കാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പത്രികാ സമർപ്പണം. യുഡിഎഫും സമാന രീതിയിൽ പ്രകടനമായാണ് ആര്‍ഡിഒ ഓഫീസിൽ എത്തുക. എന്‍ഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ബിജെപി പ്രചരണം നടത്തും. അതിനിടെ അൻവറിൻ്റെ പിന്തുണ യുഡിഎഫ് സ്വാഗതം ചെയ്തു.

എല്‍ഡിഎഫിനെയും - ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്. ഉച്ചക്ക് യുഡിഎഫിൻ്റെ യുവജന സംഘടന വാർത്താ സമ്മേളനം സംഘടിപ്പിക്കും. 

അതേസമയം വയനാട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും. റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. രാവിലെ കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് എല്‍ഡിഎഫ് റോഡ് ഷോ തുടങ്ങും. പത്രിക സമർപ്പണത്തിനുശേഷം നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി.പി രാമകൃഷ്‌ണൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ തുടങ്ങിയവർ പങ്കെടുക്കും . ഉച്ചയ്ക്ക് 12 മണിക്കാണ് ബിജെപി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറി എം.ടി രമേശ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടാകും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News