പാലക്കാട് പുലിക്കുട്ടി ചത്തത് ഭക്ഷണം ലഭിക്കാതെയെന്ന് വനം വകുപ്പ്
ഇന്നലെയാണ് കല്ലടിക്കോട് പറക്കലടിയിൽ പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്
പാലക്കാട് കല്ലടിക്കോട് പുലിക്കുട്ടി ചത്തത് ഭക്ഷണം ലഭിക്കാതെയെന്ന് വനം വകുപ്പ്. പുലിക്കുട്ടിയുടെ ശരീരത്തിൽ മറ്റു മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം അകത്തേത്തറയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
ഇന്നലെയാണ് കല്ലടിക്കോട് പറക്കലടിയിൽ പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ചത്ത പുലിയെ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയതിന് ശേഷമാണ് വയറ്റിൽ ഭക്ഷണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലായെന്ന് വ്യക്തമായത്. ശരീരത്തിൽ കാര്യമായ മറ്റ് പരിക്കുകൾ ഇല്ലാത്തതിനാൽ ഭക്ഷണം ലഭിക്കാതെയാണ് മരിച്ചതെന്നാണ് കണക്കാക്കുന്നത്. തള്ളപുലി കുഞ്ഞിനെ ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. അകത്തേത്തറ പഞ്ചായത്തിന്റെ രണ്ട് ഭാഗത്താണ് ഇന്നലെ പുലിയിറങ്ങിയത്. ആടിനെയും , പട്ടിയെയും കൊന്നിരുന്നു. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് രാത്രികാലങ്ങളിൽ വനം വകുപ്പിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.